രാഹുലിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യം മുഴുവന്‍ ബി.ജെ.പിക്കെതിരേ ഒറ്റക്കെട്ടായി നില്ക്കുമ്പോള് കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെയാണ് പോരാടുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം നല്കുന്ന സന്ദേശം ഇതാണ്. രാഹുല്‍ കേരളത്തിലേക്ക് വരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നും വയനാട്ടില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് രാഹുല്‍ അറിയാന്‍ പോകുന്നതേയുള്ളു. കേരളത്തില്‍ ജനവിധി തേടുന്ന 20 സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍.
അദ്ദേഹം ഇവിടെ മത്സരിക്കുന്നുണ്ടെന്ന് കരുതി കേരളത്തില്‍ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പിണറായി വിജയന് പറഞ്ഞു. ബാബരി മസ്ജിദ് വര്‍ഗീയ വാദികള്‍ തകര്‍ത്തത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിസംഗത മൂലമാണ്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിപ്പോള്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കുകയാണ്. ഇതിനെതിരെ ഒരക്ഷരവും കോണ്‍ഗ്രസ് മിണ്ടുന്നില്ല. പശുവിന്റെ പേരില്‍ സംഘ്പരിവാറുകാര്‍ രാജ്യവ്യാപകമായി കൊല നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് പറഞ്ഞത് ഗോവധം നിരോധിച്ചത് ഞങ്ങളാണെന്നാണ്. ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസിലെ പ്രധാനിയായ സ്ഥാനാര്‍ഥി പരസ്യം ചെയ്തത് കണ്ടു. ഇങ്ങനെ പരസ്യം ചെയ്യേണ്ടിവരുന്ന കോണ്‍ഗ്രസിന് എന്ത് വിശ്വാസ്യതയാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."