സ്വയരക്ഷയ്ക്ക് പൊടിക്കൈകളുമായി കേരളാ പൊലിസിന്റെ പ്രതിരോധ സംഘം
തിരുവനന്തപുരം: ആള്‍സഞ്ചാരം കുറഞ്ഞ ഇടവഴിയില്‍ പിന്നാലെ എത്തിയ അക്രമി നിങ്ങളെ പിന്നില്‍ നിന്ന് പിടികൂടിയാല്‍ എന്തു ചെയ്യും എതിരെ വരുന്നയാള്‍ നിങ്ങളുടെ തോളത്തെ ബാഗില്‍ പിടിമുറുക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെ രക്ഷപ്പെടും. കഴുത്തിലെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കള്ളനെ എങ്ങനെ രക്ഷനേടാം ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമാവുകയാണ് തിരുവനന്തപുരത്തെ കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കുന്ന കനകോത്സവം പ്രദര്‍ശന നഗരിയിലെ കേരളാ പൊലിസിന്റ സ്റ്റാള്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് കേരളാ പൊലിസിന്റെ ലക്ഷ്യം. അക്രമിയെ കീഴ്‌പ്പെടുത്തുകയല്ല മറിച്ച് അയാളെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള പരിശീലനമാണ് വനിതാ പൊലിസ് സുഹൃത്തുക്കള്‍ ഇവിടെ നല്‍കുന്നത്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്നും ഈ സ്റ്റാളില്‍ തികച്ചും സൗജന്യമായി പഠിക്കാം. കണ്ണ്, ചെവി, തൊണ്ട, നെഞ്ച്, മടിക്കുത്ത് മുതലായ മര്‍മ്മഭാഗങ്ങളില്‍ കൃത്യമായും ശക്തമായും പ്രഹരം ഏല്‍പ്പിക്കേണ്ടത് എങ്ങനെയാണെന്നും വനിതാ പൊലിസിന്റെ വിദഗ്ധര്‍ ഈ സ്റ്റാളില്‍ നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുന്നു.
തിരുവനന്തപുരം ജില്ലയില്‍ എവിടെയും ഉള്ള സ്‌കൂള്‍, കോളജ്, റെസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ യൂനിറ്റുകള്‍ മുതലായ സ്ഥലങ്ങളില്‍ കേരളാ പൊലിസിന്റെ വനിതാ സ്വയം പ്രതിരോധ സംഘത്തിന്റെ സൗജന്യ ക്ലാസുകള്‍ ലഭ്യമാണ്. 20 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ പരമാവധി ദൈര്‍ഘ്യം. എങ്കിലും പഠിതാക്കളുടെ ആവശ്യം അനുസരിച്ച് എത്ര കുറച്ച് സമയത്തേയ്ക്കും ആവശ്യമായ രീതിയില്‍ ക്ലാസുകള്‍ എടുക്കാറുണ്ട്. കൗണ്‍സിലിങ്, നിയമം, മോട്ടിവേഷന്‍ എന്നിവയിലും അടിസ്ഥാന വിവരങ്ങള്‍ ഈ ക്ലാസുകളിലൂടെ നല്‍കി വരുന്നു.
കേരളത്തിലെ 19 പൊലിസ് ജില്ലകളിലും നാലുവീതം വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ സേവനം ഇത്തരം പരിശീലനങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഏകോപനചുമതല തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്തെ പൊലിസ് ഇന്‍ഫര്‍മേഷന്‍ സെന്ററിനാണ്. ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9497970323 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."