ജലവിമാനം 'വെള്ളത്തില്‍ മുങ്ങി'
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിനായി ഏറെ കൊട്ടിഘോഷിച്ച് 15 കോടിയോളം രൂപ മുടക്കിയ 'ജലവിമാന' പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇതിനായി വാങ്ങിക്കൂട്ടി തുരുമ്പെടുത്ത ഉപകരണങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായി.
2013 ജൂണില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ കൊല്ലം അഷ്ടമുടിക്കായലില്‍ ജലവിമാന പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടെങ്കിലും സി.പി.ഐയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന് വിമാനം പുന്നമടക്കായലില്‍ ഇറങ്ങിയില്ല.
വിമാനം ഇറങ്ങുന്നത് മത്സ്യബന്ധനത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് മത്സ്യത്തൊഴിലാളികള്‍ എതിര്‍ത്തത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയമിച്ചു. മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുന്നമടക്കായലിലെ വാട്ടര്‍ ഡ്രോം മത്സ്യബന്ധനത്തിന് ഉപയോഗിക്കാത്ത വട്ടക്കായലിലേക്കു മാറ്റി. തുടര്‍ന്ന് ജലവിമാന പദ്ധതി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചെങ്കിലും വിമാനം വെള്ളത്തിലിറങ്ങിയില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന എമര്‍ജിങ് കേരളയിലാണു ജലവിമാന പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു (കെ.ടി.ഐ.എല്‍) പദ്ധതിയുടെ നടത്തിപ്പു ചുമതല. കേരള ഏവിയേഷന്‍ കമ്പനി, കൈരളി എയര്‍ലൈന്‍സ്, സീബേര്‍ഡ് സീപ്ലെയിന്‍ സര്‍വിസസ് തുടങ്ങിയ കമ്പനികളൊക്കെ പല ഘട്ടങ്ങളിലായി മുന്നോട്ടുവന്നെങ്കിലും എതിര്‍പ്പു കാരണം പിന്നീട് പിന്‍വാങ്ങി.
കൊല്ലം അഷ്ടമുടിക്കായല്‍, ആലപ്പുഴയിലെ പുന്നമടക്കായല്‍, കാസര്‍കോട് ബേക്കല്‍ ബീച്ച്, കൊച്ചി, കുമരകം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി തുടങ്ങാനിരുന്നത്. പുന്നമട, ബേക്കല്‍, അഷ്ടമുടി എന്നിവിടങ്ങളില്‍ വാട്ടര്‍ ഡ്രോമുകള്‍ സജ്ജീകരിക്കാന്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ചു.
വഞ്ചിവീടുകളും ജലവിമാനത്തിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷാ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന സ്‌കാനറുകള്‍, എക്‌സ്‌റേ മിഷ്യന്‍, വയര്‍ലെസ്, മെറ്റല്‍ ഡിറ്റക്ടര്‍, ജി.പി.എസ്, ആന്റിന, സുരക്ഷാ കാമറകള്‍, സ്പീഡ് ബോട്ടുകളും വാങ്ങി. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പുന്നമടയിലെ രണ്ടു വഞ്ചിവീടുകളില്‍ ഇവ തുരുമ്പെടുത്ത് നശിക്കുകയാണ്.
കൂടാതെ അന്നു നിയമിച്ച സുരക്ഷാ പൊലിസിനു വേണ്ടിയും കോടികള്‍ ചെലവാക്കിയിട്ടുണ്ട്. മൂന്നു വാട്ടര്‍ ഡ്രോമുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് 20ഓളം പേരെയും നിയോഗിച്ചു. ഇവര്‍ക്ക് പ്രതിവര്‍ഷം ഏതാണ്ട് 70 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്നു നല്‍കിയത്. ടൂറിസം വകുപ്പാണ് ഈ പണം മുഴുവനും ചെലവഴിച്ചിരുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മത്സ്യത്തൊഴിലാളികള്‍ സമ്മര്‍ദം ചെലുത്തിയതോടെ പദ്ധതി തന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പദ്ധതിക്ക് ആവശ്യമായി വാങ്ങിയ ഉപകരണങ്ങള്‍ പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വീതിച്ചു നല്‍കാനാണ് തീരുമാനം.
സ്പീഡ് ബോട്ടുകള്‍ കെ.ടി.ഡി.സിക്കും ടി.ഡി.പി.സിക്കും നല്‍കി. ബാഗേജ് സ്‌കാനര്‍, എക്‌സ്‌റേ മെഷീന്‍, സി.സി.ടി.വികള്‍, ഫോട്ടിങ് ജെട്ടി എന്നിവയും വിവിധ സ്ഥാപനങ്ങള്‍ക്കു നല്‍കും. വേണ്ട മുന്നൊരുക്കങ്ങളും പഠനവും നടത്താതെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി തുടങ്ങിയതെന്നാണ് വിനോദ സഞ്ചാര വകുപ്പ് പറയുന്നത്. ഇതുവരെ പദ്ധതിക്കായി ചെലവിട്ട തുക സംബന്ധിച്ച് കൃത്യമായ കണക്കെടുപ്പ് നടത്താന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ വിമാനമിറക്കാനായി ഉണ്ടാക്കിയ കരാറും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."