സഭയുടെ അന്വേഷണത്തോട് കന്യാസ്ത്രീ സഹകരിച്ചില്ലെന്ന വാദം തെറ്റ്
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭയുടെ ആഭ്യന്തര അന്വേഷണത്തോട് കന്യാസ്ത്രീ സഹകരിക്കുകയോ, തെളിവുകള്‍ നല്‍കുകയോ ചെയ്തില്ലെന്ന രൂപതയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയുന്നു. അന്വേഷണത്തിന് തയാറാണെന്ന് വ്യക്തമാക്കി 2017 ഡിസംബറില്‍തന്നെ കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് നല്‍കിയ കത്ത് പുറത്തുവന്നതോടെയാണ് രൂപത കൂടുതല്‍ വിവാദക്കുരുക്കിലായത്. ഏത് തരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കാമെന്നും തന്റെ ഭാഗം കേട്ടശേഷം ന്യായവും നീതിപൂര്‍വവുമായ നടപടികളുണ്ടാവണമെന്നും കന്യാസ്ത്രീ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ പരാതിയിലും ബിഷപ്പ് ഉന്നയിച്ച വാദങ്ങളിലും മറുപടി നല്‍കാന്‍ തയാറാണ്. തനിക്കെതിരായ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. നീതികിട്ടുമെന്നാണ് പ്രതീക്ഷ. തന്നെ മഠത്തില്‍നിന്ന് പുറത്താക്കാന്‍ ആസൂത്രിതനീക്കം നടക്കുന്നതായി സംശയമുണ്ടെന്നും കന്യാസ്ത്രീ കത്തില്‍ വ്യക്തമാക്കുന്നു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2017 നവംബര്‍ 28ന് സുപ്പീരിയര്‍ ജനറല്‍ തനിക്കയച്ച കത്ത് കിട്ടിയെന്നും കത്തിലെ ആവശ്യം അനുസരിച്ച് 2017 ഡിസംബര്‍ 18ന് ജലന്തറില്‍വച്ച് കൂടിക്കാഴ്ചയ്ക്ക് തയാറാണെന്നും കന്യാസ്ത്രീ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തനിക്കെതിരായ തെറ്റായ ആരോപണങ്ങളില്‍ അതിയായ വേദനയുണ്ടെന്നും സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്ത ഒരു കാര്യത്തെ എങ്ങനെയാണ് ഒരു മേലാധികാരിക്ക് ഇത്രയും തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുകയെന്നും കത്തില്‍ ചോദിക്കുന്നു. അതിനിടെ, ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ രണ്ടുതവണ വത്തിക്കാന് അയച്ച കത്തിന്റെ പകര്‍ക്കും പുറത്തുവന്നു. മെയിലും ജൂണിലുമാണ് കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചത്. ബിഷപ്പ് തന്റെ കുടുംബത്തിനെതിരേ വ്യാജപരാതി നല്‍കിയെന്നും കത്തില്‍ കന്യാസ്ത്രീ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യം അയച്ച കത്തിന് മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും മാര്‍പാപ്പയ്ക്ക് കത്തയച്ചത്. ഇതിലാണ് സഭയില്‍നിന്ന് നീതിലഭിച്ചില്ലെന്നും നിയമ നടപടിയിലേക്ക് കടക്കുകയാണെന്നും കന്യാസ്ത്രീ മുന്നറിയിപ്പ് നല്‍കിയത്. എന്നിട്ടും പ്രതികരണമുണ്ടാവാത്ത പശ്ചാത്തലത്തിലാണ് കന്യാസ്ത്രീ പരാതിയുമായി പോലിസിനെ സമീപിക്കുന്നത്.
അതിനിടെ തെളിവുകളെല്ലാം ശേഖരിച്ച സാഹചര്യത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം നീക്കം വേഗത്തിലാക്കി. ബിഷപ്പ് രാജ്യം വിട്ടുപോവാതിരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം എമിഗ്രേഷന്‍ വിഭാഗത്തിന് കത്തെഴുതി. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ സൂചന. ജില്ലാ പോലിസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ ശേഷം അന്വേഷണസംഘം ജലന്ധറിലേക്ക് തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."