ഭാരവാഹികളറിയാതെ പണപ്പിരിവ്; അധ്യാപകനെയും വിദ്യാര്‍ഥികളെയും തിരിച്ചയച്ചു
കോഴിക്കോട്: ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മജ്മഉസ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ ആരംഭിക്കുന്ന പുതിയ പദ്ധതികള്‍ക്കെന്ന വ്യാജേന ചിലര്‍ അല്‍ മുഖദ്ദസ് അക്കാദമി എന്ന പേരില്‍ വ്യാപക പണപ്പിരിവ് നടത്തുന്നതായി പരാതി. കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കപ്പുറത്തെ പള്ളിയുടെ ഫോട്ടോ ഉപയോഗിച്ചാണ് പണപ്പിരിവ്.
മറ്റൊരു പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അല്‍ മുഖദ്ദസ് അക്കാദമി ഭാരവാഹികളായ ചില വ്യക്തികളുടെ പേരിലാണ് ഇതിനായി നോട്ടിസുകള്‍ അടിച്ചിരിക്കുന്നത്. വ്യാജ നോട്ടിസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഖത്തറില്‍നിന്ന് നാട്ടുകാര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നതെന്ന് സ്ഥാപന ഭാരവാഹികള്‍ പറഞ്ഞു.
പ്രസ്തുത നോട്ടിസില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിലെ കെട്ടിടത്തില്‍ നിലവില്‍ 378-2003 രജിസ്‌ട്രേഷന്‍ നമ്പറില്‍ മജ്മഉ സഖാഫത്തുസുന്നിയ്യ ഓഫിസും അനുബന്ധമായി നിസ്‌കാര പള്ളിയുമാണുള്ളത്. ഇവിടെ ദര്‍സ് നടത്തുന്നതിന് പുറംനാട്ടുകാരായ ചിലര്‍ക്ക് നേരത്തെ അനുമതി നല്‍കുകയും അല്‍മുഖദ്ദസ് അക്കാദമി എന്ന പേരില്‍ പെരുമ്പാവൂരില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന് ദര്‍സ് നടത്തുകയും ചെയ്തിരുന്നു. ഇത് മറയാക്കിയാണ് പണപ്പിരിവ് നടത്തുന്നത്.
പത്ത് കുട്ടികളെ കൊണ്ടുവന്ന് ദര്‍സ് നടത്തിയതല്ലാതെ നോട്ടിസില്‍ പറയുന്ന സ്ഥാപനങ്ങള്‍ തങ്ങളുടേതായി പ്രവര്‍ത്തിക്കുന്നില്ലെന്നും മറ്റുള്ള വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മജ്മഉസ്സഖാഫത്തി സുന്നിയ്യ കമ്മിറ്റി അംഗം അഷ്‌റഫ് സഖാഫി പറഞ്ഞു.
അല്‍ മുഖദ്ദസ് അക്കാദമിയുടെ പേരില്‍ നടത്തിയിരുന്ന ദര്‍സ് നിര്‍ത്തിവയ്ക്കുകയും പള്ളിയില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളെ പറഞ്ഞുവിടുകയും ചെയ്തതായി അഷ്‌റഫ് സഖാഫി പറഞ്ഞു. അതേസമയം സ്ഥാപന ഭാരവാഹികളുടെ അനുമതിയോടെയാണ് പിരിവ് നടന്നതെന്ന് അല്‍ മുഖദ്ദസ് അക്കാദമിയുടെ പ്രസിഡന്റ് കുഞ്ഞി സീതിക്കോയ തങ്ങള്‍ അല്‍ ഹൈദറൂസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."