കുട്ടിരായിന്‍ പാലത്തിന് സമീപത്തെ കുഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ
മീനങ്ങാടി: കുടിവെള്ളം പാഴാക്കുന്നതിന് പുറമേ അപകടങ്ങള്‍ക്കും വഴിവെച്ച് വാട്ടര്‍ അതോറിറ്റി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പുതുമയുള്ള കാഴ്ചയല്ല എന്നാല്‍ കുടിവെള്ള പൈപ്പ് പൊട്ടി ദേശീയ പാതയില്‍ രൂപപ്പെട്ട കുഴി ഇതിനകം നിരവധി വാഹനാപകടങ്ങള്‍ക്കാണ് കാരണമായത്.
ദേശീയ പാത കുട്ടിരായിന്‍ പാലത്തിന് സമീപമാണ് റോഡ് തകര്‍ന്ന് വെള്ളം പുറത്തേക്കൊഴുകി റോഡില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ ചതിക്കുഴികളില്‍ മാത്രം ഒരാഴ്ചക്കിടെ പത്തിലധികം ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ തിരിഞ്ഞ് നോക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. കുട്ടിരായിന്‍ പാലം കഴിഞ്ഞയുടനെ വളവോടു കൂടിയ ഭാഗത്ത് പെട്ടെന്ന് കാണാന്‍ കഴിയാത്ത വിധമാണ് കുഴികളുള്ളത്. കുഴികളില്‍ വീണ് നിയന്ത്രണം വിട്ട് ഇരു ചക്രവാഹനങ്ങള്‍ മറിഞ്ഞ് നിസാര പരുക്കുകളോടെ ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രികര്‍ രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം ഇരുചക്രവാഹനം കുഴിയില്‍ വീണ് പിഞ്ചു കുഞ്ഞിനടക്കം പരുക്കേറ്റിരുന്നു. റോഡില്‍ നിന്ന് തെന്നി പുറത്തേക്ക് പോയാല്‍ മൂന്ന് മീറ്ററോളം താഴ്ചയിലേക്കാണ് വീഴുക.തുടര്‍ച്ചയായി വെള്ളമൊഴുകുന്നതിനാല്‍ പകലോ രാത്രിയോ വ്യത്യാസമില്ലാതെ കുഴിയറിയാതെ കുഴിയില്‍ അകപ്പെടുന്ന സാഹചര്യമാണിപ്പോഴുള്ളത്. റോഡ് പൊളിഞ്ഞ് കല്ലുകള്‍ റോഡിലൂടെ പരന്ന് കിടക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. റോഡിലൂടെ ഒഴുകുന്ന വെള്ളം ഒഴുകിയെത്തുന്നത് റോഡിന് മറുവശത്ത് താഴ്ഭാഗത്ത് താമസിക്കുന്ന വിജയന്റെ വീട്ടുമുറ്റത്തേക്കാണ്. വെള്ളം തറയിലേക്കൊഴുകി വീടിന് തന്നെ ഭീഷണിയാകുമോ എന്ന ഭയത്തിലാണ് ഈ കുടുംബവുമുള്ളത്. ഒരു ദുരന്തത്തെ കാത്തിരിക്കാതെ കുടിവെള്ളം പാഴാകുന്ന സാഹചര്യം കണ്ടെത്തി ശാശ്വത പരിഹാരം കാണണമെന്നും റോഡിലെ കുഴികള്‍ നികത്തണമെന്നുമാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."