മിഠായിത്തെരുവിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന്
കോഴിക്കോട്: മിഠായിത്തെരുവില്‍ അംഗപരിമിതരുടെയും വയോധികരുടെയും മറ്റു യാത്രക്കാരുടെയും സുരക്ഷിതയാത്രക്ക് തടസം നില്ക്കുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം മിഠായിത്തെരുവില്‍ സ്ട്രീറ്റ് മാനേജര്‍മാരെ നിയമിച്ച് മെച്ചപ്പെട്ട പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മിഷന് ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കു ബഗികാറില്‍ സൗജന്യയാത്ര അനുവദിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. എന്നാല്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയത് വയോധികരുടെയും ഭിന്നശേഷിക്കാരുടെയും മറ്റു യാത്രക്കാരുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണെന്ന് കമ്മിഷന് ചൂണ്ടിക്കാണിച്ചു.
ഭിന്നശേഷിക്കാരായ എം.വി ജോര്‍ജ് ജോസഫ്, മുഹമ്മദ് നൗഫല്‍ എന്നിവര്‍ നല്കിയ പരാതികളിലാണ് ഉത്തരവ്. തങ്ങളുടെ മുചക്ര വാഹനങ്ങള്‍ സ്ട്രീറ്റിലേക്കു കടത്തിവിടുന്നില്ലെന്നും അതിനാല്‍ ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. വാഹനം പ്രവേശിക്കാതിരിക്കാന്‍ ഇരുമ്പ് ചങ്ങല സ്ഥാപിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം പരാതിയിന്മേല് നഗരസഭാ സെക്രട്ടറി വിശദീകരണം സമര്‍പ്പിച്ചു. ഭിന്നശേഷിക്കാര്‍ക്കും മറ്റുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വീല്‍ചെയറുകളും ബഗികാറുകളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കമ്മിഷനെ അറിയിച്ചു. ഇവരുടെ യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വിശദീകരണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."