വേനല്‍ മഴയും കാറ്റും; ജില്ലയില്‍ വ്യാപക നാശം
]കാഞ്ഞങ്ങാട് : കടുത്ത വേനല്‍ ചൂടിനിടയില്‍ അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയും ശക്തിയായ കാറ്റും ജില്ലയില്‍ വ്യാപക നാശം വിതച്ചു. വിവിധ ഭാഗങ്ങളില്‍ നേന്ത്രവാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളാണ് കാറ്റില്‍ കടപുഴകിയത്. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ കുലച്ച ആയിരക്കണക്കിന് നേന്ത്രവാഴകള്‍ നിലംപൊത്തി. പുല്ലൂര്‍ പെരിയ, മടിക്കൈ, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളിലാണ് വ്യാപക കൃഷിനാശമുണ്ടായത്. അട്ടേങ്ങാനം കൂലോത്തുങ്ങാനത്തിനു സമീപത്തെ ഗോപാലന്‍, കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു കൃഷി ചെയ്ത നാനൂറിലധികം നേന്ത്രവാഴ കൃഷി നശിച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ കുമാരന്റെ കുലച്ച എന്‍പത്തിയഞ്ചിലധികം നേന്ത്രവാഴകളും നശിച്ചു.
പുല്ലൂര്‍ അട്ടക്കാട് വേണുവിന്റെ വാഴകൃഷി തോട്ടം ശക്തമായ കാറ്റില്‍ നശിച്ചു. പാറപ്പള്ളി കുമ്പള തൊട്ടിയിലെ ടി. എന്‍ അബ്ദുല്‍ റഹ്മാന്റെ മുന്നൂറോളം വാഴകളും തൊട്ടടുത്ത പറമ്പില്‍ കൃഷി ചെയ്ത കരിവേടകത്തെ അബ്ദുല്ലയുടെ 200 നേന്ത്രവാഴകളും പെരിയ കാലിയടുക്കത്തെ ചാത്തന്റെ അന്‍പതോളം വാഴകളുമാണ് കാറ്റില്‍ നശിച്ചത്.
കാസര്‍കോട് കര്‍ഷക കൂട്ടായ്മ അംഗമായ അബ്ദുല്‍ റഹ്മാന്‍ വായ്പ എടുത്താണ് നേന്ത്രവാഴ കൃഷി നടത്തിയത്. വാഴകുലച്ച് രണ്ടുമാസം കഴിയുമ്പോള്‍ തന്നെ കാറ്റില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി വാഴക്ക് താങ്ങായി മുളനാട്ടി കെട്ടുകയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം പതിവിന് വിപരീതമായി വേനല്‍മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ കര്‍ഷകന്റെ മുഴുവന്‍ പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞു. ശക്തമായ കാറ്റില്‍ മലയോരങ്ങളില്‍ തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും പൊട്ടിവീണു. വൈദ്യുതി ഫീഡറുകള്‍ പൂര്‍ണമായും നിലച്ചതോടെ മലയോരം ഇരുട്ടിലായി. ശക്തമായ കാറ്റില്‍ മടിക്കൈ ആലമ്പാടിയിലെ ഇല്ലത്തുളപ്പില്‍ ചോയിച്ചിയമ്മയുടെ വീടിനുമുകളില്‍ തെങ്ങ് വീണു. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് മുന്‍വശമുള്ള ബില്‍ഡിങ്ങിന്റെ ഷീറ്റ് പൂര്‍ണമായും തകര്‍ന്നു.
രാജപുരം പരിധിയില്‍ മരങ്ങള്‍ വീണ് നിരവധി വൈദ്യുത പോസ്റ്റുകള്‍ പൊട്ടി വൈദ്യുതി ബന്ധം താറുമാറായി. കാറ്റില്‍ നാശം സഭവിച്ച വീടും കൃഷിയിടങ്ങളും വില്ലേജ് അധികൃതര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളിക്കോത്ത് വേനല്‍മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ തെങ്ങുവീണ് വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു. വെള്ളിക്കോത്ത് കാരക്കുഴിയിലെ കെ. ദിനേശന്റെ വീടിന്റെ അടുക്കളയാണ് തകര്‍ന്നത്. ഓടും കഴുക്കോലുകളും തകര്‍ന്നു. ചുമരിനും വിള്ളലുണ്ട്. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ബന്തടുക്ക: ബന്തടുക്കയില്‍ കാംകോ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രാലയത്തിന്റെ മേല്‍ക്കൂര വൈദ്യുതി കമ്പികളിലേക്ക് വീണതിനാല്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
ഏഴാംമൈല്‍ മുട്ടച്ചിറല്‍, അട്ടേങ്ങാനം, ഒടയംചാല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി. ഒടയംചാലില്‍ വന്‍ മരം കടപുഴകി. പെരിയ കാലിയടുക്കത്തെ ചാര്‍ത്തന്റെ കുലയ്ക്കാറായ അന്‍പതോളം വാഴകള്‍ വന്‍ കാറ്റില്‍ നിലംപൊത്തി. വായ്പയെടുത്ത് അയല്‍വാസിയുടെ പറമ്പില്‍ ഇറക്കിയ കൃഷിയാണ് പൂര്‍ണമായും ഇല്ലാതായത്.
കുറ്റിക്കോല്‍: വേനല്‍ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ മലയോരത്ത് വ്യാപക നാശമുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മഴയോടൊപ്പം കാറ്റും വീശിയത്. കമുക്, തെങ്ങ്, വാഴ, റബര്‍, പച്ചക്കറി കൃഷികള്‍ തുടങ്ങിയ കാര്‍ഷിക വിളകളും വ്യാപകമായി നശിച്ചു. നിരവധി മരങ്ങളും ഒടിഞ്ഞുവീണു. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപറ്റി.
ബന്തടുക്ക പോസ്റ്റ് ഓഫിസിന് സമീപമുള്ള ബന്തടുക്ക അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് കോഓപറേറ്റിവ് സൊസൈറ്റിയുടെ വസ്ത്രാലയം പ്രവര്‍ത്തിക്കുന്ന ഇരുനിലകെട്ടിത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഇഷ്ടിക ചുമരും നശിച്ചു. നവീകരണം നടക്കുന്ന തെക്കില്‍ആലട്ടി റോഡില്‍ ഇളകിയമണ്ണ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലായി. ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണതിനാല്‍ ഗതാഗത തടസമുണ്ടായി. കെ.എസ്.ഇ.ബി കുറ്റിക്കോല്‍ സെക്ഷന്‍ പരിധിയില്‍ രാത്രി മുഴുവനും വൈദ്യുതി വിതരണം തടസപ്പെട്ടു. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കൃഷിയിടത്തിലെ നിരവധി വാഴകള്‍ കനത്ത കാറ്റിനെ തുടര്‍ന്ന് നിലംപൊത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."