വീണ്ടും പ്രകോപനവുമായി ഇസ്‌റാഈല്‍
വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റം നടത്താനുള്ള ഇസ്‌റാഈല്‍ നീക്കം ലോകരാഷ്ട്രങ്ങളുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന്, അവര്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചുവെങ്കിലും മേഖലയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അഭംഗുരം തുടരുകയാണ്. ഫലസ്തീനികളെ അവരുടെ ജന്മഭൂമിയില്‍നിന്ന് ആട്ടിയോടിക്കാന്‍ 1948 മുതല്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കൈയേറ്റത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍. വെസ്റ്റ് ബാങ്ക് അധിനിവേശവും ലെബനാനെതിരായ ആക്രമണവുമായി അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അല്‍ അഖ്‌സ പള്ളിയിലേക്കുള്ള ബാബുര്‍റഹ്മ അടയ്ക്കാന്‍ ഇസ്‌റാഈല്‍ ഇപ്പോള്‍ നടത്തുന്ന നീക്കത്തെയും ഇതുപോലെയാണ് കാണേണ്ടത്. ഫലസ്തീന്‍ എന്ന ഒരു പരമാധികാര അറബ് രാഷ്ട്രത്തെ ഒരിക്കലും തങ്ങളുടെ അതിര്‍ത്തിയില്‍ അനുവദിക്കുകയില്ലെന്നത് ഇസ്‌റാഈല്‍ തീരുമാനമാണ്. അതിനാലാണ് വ്യത്യസ്ത കാരണങ്ങള്‍ കണ്ടെത്തി ഫലസ്തീനിന്റെ സ്വസ്ഥത അവര്‍ നശിപ്പിക്കുന്നത്.
ഇസ്‌റാഈല്‍ കോടതിവിധി പൊക്കിപ്പിടിച്ചാണ് ബാബുര്‍റഹ്മ അടച്ചിടുക എന്ന ഹീന കൃത്യത്തിന് ഇസ്‌റാഈല്‍ മുതിരുന്നത്. അല്‍ അഖ്‌സ കോംപൗണ്ടിലുള്ള ബാബുര്‍റഹ്മ പള്ളി അടക്കുന്നതോടെ പള്ളിയെയും കോംപൗണ്ടിനെയും, ജൂതരെയും മുസ്‌ലിംകളെയും വേര്‍തിരിക്കാന്‍ ഇസ്‌റാഈലിനു കഴിയും. ഇതിനു വേണ്ടിയാണ് ബാബുര്‍റഹ്മ അടയ്ക്കുക എന്ന പ്രകോപനത്തിന് ഇസ്‌റാഈല്‍ മുതിരുന്നത്. കോടതി വിധിയുണ്ടെന്ന് പറഞ്ഞ് ഇത്തരമൊരു കൃത്യത്തിന് ഇസ്‌റാഈല്‍ മുതിരുകയാണെങ്കില്‍ അത് ഇസ്‌റാഈലുമായുള്ള യുദ്ധത്തിന് നാന്ദി കുറിക്കലായിരിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അല്‍ അഖ്‌സ പള്ളിയെയോ അതിന്റെ നിലവിലുള്ള അവസ്ഥയെയോ മാറ്റാന്‍ ഒരിക്കലും അനുവദിക്കുകയില്ലെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
അല്‍ അഖ്‌സ പള്ളിയിലേക്ക് നേരിട്ടു കടക്കാനുള്ള കിഴക്കന്‍ കവാടമാണ് ബാബുര്‍റഹ്മ. ഇത് ജൂത ദേവാലയമാക്കാനാണ് ഇത്തരമൊരു നീക്കത്തിലൂടെ ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നത്. 1967 ലെ അറബ് - ഇസ്‌റാഈല്‍ യുദ്ധത്തിലാണ് അല്‍ അഖ്‌സ ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലമില്‍ ഇസ്‌റാഈല്‍ അധിനിവേശം നടത്തിയത്. എന്നാല്‍ ഈ കൈയേറ്റത്തെ അന്താരാഷ്ട്ര സമൂഹം ഇതുവരെ അംഗീകരിച്ചിട്ടില്ല.
അഴിമതി കുറ്റത്തിന് വിചാരണ നേരിടുന്ന ആളാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു. ഇസ്‌റാഈല്‍ നിയമമനുസരിച്ച് അഴിമതിക്കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ പ്രസിഡന്റോ, പ്രധാനമന്ത്രിയോ ആകുന്നതിനോ കുഴപ്പമില്ല. അഴിമതിക്കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പദവികള്‍ നഷ്ടപ്പെടുക. ഈയൊരു നിയമത്തിന്റെ ബലത്തിലാണ് നെതന്യാഹു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതിനകം ജനപിന്തുണ നഷ്ടപ്പെട്ട നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയില്ല. മന്ത്രിസഭ ഉണ്ടാക്കാനുള്ള കുറുക്കു വഴികളെല്ലാം അടഞ്ഞപ്പോള്‍ ബ്ലു ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് അധികാരത്തിലെത്തുകയായിരുന്നു. പ്രധാനമന്ത്രി പദം തുല്യമായി പങ്കിടണം.
ഭരണത്തിന്റെ ആദ്യ ഊഴം കൈവന്ന നെതന്യാഹു നഷ്ടപ്പെട്ട തന്റെ ജനപ്രീതി തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ജുലൈ ഒന്നു മുതല്‍ ഇസ്‌റാഈല്‍ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം നടത്തുമെന്ന് നെതന്യാഹു ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. ഇതുവഴി തീവ്ര ജൂതരുടെ പിന്തുണ നേടിയെടുക്കാമെന്ന് അദ്ദേഹം കരുതി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മാത്രമായിരുന്നു നെതന്യാഹുവിന് പിന്തുണ നല്‍കിയത്. എന്നാല്‍, ഇസ്‌റാഈല്‍ മന്ത്രിമാരുടെ പിന്തുണ പോലും ഈ നടപടിക്ക് നെതന്യാഹുവിനു കിട്ടിയില്ല. നെതന്യാഹുവിന്റെ നീക്കത്തെ അവര്‍ അപലപിക്കുകയും ചെയ്തു. അറബ് ലീഗിന്റെയും ലോക രാഷ്ട്രങ്ങളുടെയും പ്രത്യേകിച്ച് യൂറോപ്യന്‍ യൂനിയന്റേയും രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് നെതന്യാഹുവിന് തന്റെ ഉദ്യമത്തില്‍നിന്ന് താല്‍ക്കാലികമായിട്ടെങ്കിലും പിന്മാറേണ്ടി വന്നു. ജനുവരിയില്‍ ട്രംപ് സമവായം എന്ന മറപറ്റി അവതരിപ്പിച്ച ഫോര്‍മുല ഫലസ്തീന്‍ ഭരണകൂടം തള്ളിക്കളഞ്ഞിന്റെ കെറുവ് ട്രംപ്, നെതന്യാഹുവിന്റെ അനധികൃത കുടിയേറ്റത്തിന് പിന്തുണ നല്‍കിക്കൊണ്ട് തീര്‍ക്കുകയായിരുന്നു.
വെസ്റ്റ് ബാങ്കിന്റെ മുപ്പത് ശതമാനം ഭൂമി ഇസ്‌റാഈലിന് വിട്ടുകൊടുക്കുന്നതായിരുന്നു ട്രംപ് ഫോര്‍മുല. ഫോര്‍മുല കേട്ട മാത്രയില്‍ തന്നെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അത് തള്ളിക്കളയുകയും ചെയ്തു. യു.എന്‍ ചാര്‍ട്ടറിനെയും രാജ്യാന്തര നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇസ്‌റാഈല്‍ ഫലസ്തീന്‍ മണ്ണില്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കൈയേറ്റത്തിന്റെ ഭാഗമാണ് ബാബുര്‍റഹ്മ അടക്കാനുള്ള തീരുമാനവും.
ഇസ്‌റാഈല്‍ തീരുമാനത്തിനെതിരേ വഖ്ഫ് കൗണ്‍സില്‍ മേധാവി ഷെയ്ഖ് അബ്ദുല്‍ അസിം സല്‍ഹബും അല്‍ അഖ്‌സ ഇമാം ഷെയ്ഖ് ഇഖ്‌രിമ സ്വബ്‌രിയും രംഗത്തുവന്നിരിക്കുകയാണ്. കോടതിവിധിയുടെ പേരില്‍ ബാബുര്‍റഹ്മ ഇസ്‌റാഈല്‍ അടയ്ക്കാന്‍ തുനിഞ്ഞാല്‍ വിശുദ്ധ യുദ്ധത്തിനായിരിക്കും അത് ഇടവരുത്തുക എന്ന് രണ്ടു പേരും മുന്നറിയപ്പു നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍)യും അറബ് ലീഗും ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇസ്‌റാഈലിന്റെ വെസ്റ്റ് ബാങ്ക് കുടിയേറ്റ ശ്രമത്തിനെതിരേ ഒ.ഐ.സിയും അറബ് ലീഗും ശക്തമായി ഇടപെട്ടിരുന്നു. ഇതുവഴി ലോക രാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇതേ തുടര്‍ന്ന് അനധികൃത കുടിയേറ്റം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ ഇസ്‌റാഈല്‍ ബാബുര്‍റഹ്മ അടയ്ക്കാനുള്ള തീരുമാനത്തില്‍നിന്ന് ഒടുവില്‍ പിന്മാറേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."