HOME
DETAILS
MAL
ഇനി ദൈവത്തിന് മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് കര്‍ണാടക ആരോഗ്യമന്ത്രി
backup
July 17 2020 | 02:07 AM
ന്യൂഡല്‍ഹി: അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ കൊവിഡ് അതിവേഗത്തില്‍ കുതിച്ചുയരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഏറെ പിന്നില്‍ നിന്നിരുന്ന കര്‍ണാടകയിപ്പോള്‍ ഗുജറാത്തിനെയും മറികടന്ന് രാജ്യത്ത് തന്നെ നാലാമതാണ്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് കര്‍ണാടകക്ക് മുന്നിലുള്ളത്. ദൈവത്തിന് മാത്രമേ ഇനി കര്‍ണാടകയെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ബി ശ്രീരാമുലു പറഞ്ഞു.
കര്‍ണാടക ഗുജറാത്തിനെയും മറികടന്നതോടെ സര്‍ക്കാറിന്റെ കഴിവുകേടാണ് സംസ്ഥാനത്ത് കൊവിഡ് പടരുന്നതിന് കാരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
ഇതിന് നല്‍കിയ മറുപടിയിലാണ് ശ്രീരാമുലു ഇക്കാര്യം പറഞ്ഞത്. ആര്‍ക്കാണ് രോഗം പടരുന്നത് നിയന്ത്രിക്കാന്‍ കഴിയുകയെന്നും ജനങ്ങളെ ബോധവത്കരിക്കുക മാത്രമാണ് ഇനി വഴിയുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീരാമുലുവിന്റെ പ്രസ്താവന സര്‍ക്കാറിന്റെ കഴിവുകേടാണ് തുറന്ന് കാട്ടുന്നതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ ശിവകുമാറും രംഗത്തുവന്നു.
ഇങ്ങനെയാണെങ്കില്‍ ഇവിടെ ഗവണ്‍മെന്റിന്റെ ആവശ്യമെന്തിനെന്നും സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ ദൈവത്തിന്റെ ദയക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനിടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും വാക്‌സിന്‍ വരുന്നത് വരെ ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് ഉദ്ദേശിച്ചതെന്നും ചൂണ്ടിക്കാട്ടി ശ്രീരാമുലു വിശദീകരണവുമായെത്തി. 47,253 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 933 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."