പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജില്ലാ ജയിലില്‍ മരിച്ച നിലയില്‍
കോഴിക്കോട്: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ 30 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി ജില്ലാ ജയിലിലെ ടോയ്ലറ്റില് തൂങ്ങിമരിച്ച നിലയില്‍. നോര്‍ത്ത് ബേപ്പൂര്‍ തോണിച്ചിറ മുണ്ടയാര്വയല് കോളനിയിലെ ദാസന്(50) ആണ് പുതിയ ബ്ലോക്കിലെ ടോയ്ലറ്റിന്റെ ജനലഴിയില്‍ തൂങ്ങിമരിച്ചത്. ബേപ്പൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇക്കഴിഞ്ഞ 12നാണ് ദാസനെ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ ഇയാള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഇന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാനിരിക്കെയാണ് സംഭവം. ഇന്നലെ രാവിലെ പതിനൊന്നോടെ ടോയ്ലറ്റില് കയറിയ ദാസന് 15 മിനിട്ട് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ ഉടുമുണ്ട് കഴുത്തില്‍ കുരുക്കി വെന്റിലേറ്ററില്‍ തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്. ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കു ജീവിച്ച ദാസന് മൂന്നു വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ ഓരോ കേസിലും 10 വര്‍ഷം വീതമാണ് തടവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."