ഫോറസ്റ്റ് ഓഫിസറും സംഘവും അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്ന് ആദിവാസി യുവതിയുടെ പരാതി
തൃശൂര്‍: ഫോറസ്റ്റ് ഓഫിസറും സംഘവും അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വൃദ്ധ മാതാവിനെയും ഭര്‍ത്താവിന്റെ സഹോദരനെയും മര്‍ദിച്ചതായി ആദിവാസി യുവതിയുടെ പരാതി.
ഇക്കഴിഞ്ഞ ഏഴിന് ഫോറസ്റ്റ് ഓഫിസര്‍ സീനയും വനം വകുപ്പിലെ മറ്റുദ്യോഗസ്ഥരും ചേര്‍ന്നാണ് അതിക്രമം നടത്തിയതെന്ന് പാണഞ്ചേരി പൂവന്‍ചിറ ആദിവാസി കോളനിയിലെ ഷൈബി ചന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓഫിസറുടെ മാതാപിതാക്കള്‍ പ്രതികളായ കേസ് ഭര്‍ത്താവ് ചന്ദ്രന്റെ സഹോദരന് രതീഷ് (ഉണ്ണി)ന്റെ പേരില്‍ ആരോപിച്ച ശേഷം അറസ്റ്റു ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് അതിക്രമം നടത്തിയത്.
മാതാവിനെ തള്ളിയിടുകയും ചവിട്ടുകയും ചെയ്തു. മര്‍ദനം സഹിക്കാനാകാതെ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രതീഷിനെ പൂര്‍ണ നഗ്നാക്കി വീണ്ടും മര്‍ദിച്ചു.
വനത്തിലെ ചുരുളി മരത്തില്‍ നിന്ന് ചെത്തിയെടുത്ത തൊലി ചുമക്കാന്‍ ഓഫിസറുടെ മാതാപിതാക്കള്‍ കൂലിക്ക് വിളിച്ചപ്പോള്‍ ചെല്ലാത്തതിനാണ് രതീഷിന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്ന് ഷൈബി പറഞ്ഞു. കാര്യങ്ങള്‍ വിശദമാക്കി പീച്ചി പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഷാജഹാന് പരാതി നല്‍കിയെങ്കിലും ആദ്യം സ്വീകരിക്കാന്‍ തയാറായില്ല.
കമ്മിഷണര്‍ ഇടപെട്ടതോടെയാണ് നാല് മണിക്കൂറിന് ശേഷം പരാതി സ്വീകരിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ഊരുമൂപ്പന് എം.ആര് സത്യന്, കെ.കെ ഷൂജന്, ചന്ദ്രന്റെ മാതാവ് ലക്ഷ്മി, ധന്യ ബിനോയ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."