കരാറുകാരുടെ കുടിശിക 2650 കോടി; നിര്‍മാണമേഖല പ്രതിസന്ധിയില്‍
കൊച്ചി: സംസ്ഥാനത്തെ കരാറുകാരുടെ കുടിശിക 2650 കോടിയായി വര്‍ധിച്ചതോടെ കനത്ത സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നു. പൊതുമരാമത്ത്, ജലസേചനം, ഹാര്‍ബര്‍ വകുപ്പുകളില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തുകയാണ് കരാറുകാര്‍ക്ക് ലഭിക്കാനുളളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത പണികളുടെ തുക വേറെയും നല്‍കണം. നിലവിലെ കുടിശികയിലെ 1600 കോടിയും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള പ്രവര്‍ത്തനങ്ങളുടെ കുടിശികയാണ്. ഇക്കാര്യം വകുപ്പ് മന്ത്രി തന്നെ നിയമസഭയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2016നു ശേഷം കരാറുകാര്‍ക്ക് പണം ലഭിച്ചിട്ടില്ല.
എന്നാല്‍ സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് പണം താമസമില്ലാതെ ലഭിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത്് 967 കോടിയുടെ കരാറാണ് നല്‍കിയത്. കൂടാതെ 100 കോടിയുടെ ക്വട്ടേഷന്‍ വര്‍ക്കുകളും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം തന്നെ അഡ്വാന്‍സ് വ്യവസ്ഥയിലാണ് നടന്നത്. മാത്രമല്ല കൊച്ചി മെട്രോ അടക്കമുള്ള നിര്‍മാണ ജോലികള്‍ക്ക് മികച്ച റേറ്റ് നല്‍കി തടസം കൂടാതെ നടത്താന്‍ സര്‍ക്കാരിനു കഴിയുന്നുണ്ട്. ഈ സമീപനം സാധാരണ കരാറുകാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം വ്യക്തമാക്കി വിവിധ സംഘടനകള്‍ മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും കണ്ടു നിവേദനം നല്‍കിയിരുന്നു.
മുന്‍ സര്‍ക്കാര്‍ ദേശസാത്കൃത ബാങ്കുകള്‍ വഴി ബില്ലുകള്‍ ഡിസ്‌ക്കൗണ്ട് ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കു ശേഷം സര്‍ക്കാരും കരാറുകാരും തമ്മില്‍ ധാരണയുണ്ടാക്കി പത്തു ശതമാനം പലിശയില്‍ ഡിസ്‌ക്കൗണ്ട് ചെയ്ത് ബില്ലുകള്‍ എടുക്കുമ്പോള്‍ അഞ്ചു ശതമാനം കരാറുകാര്‍ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ചില സംഘടനകള്‍ ഇതിനെ എതിര്‍ത്തെങ്കിലും വന്‍കിട കരാറുകാര്‍ ഇത് അംഗീകരിക്കുകയായിരുന്നു. അതേസമയം കടുത്ത സാമ്പത്തിക ഞെരുക്കം മൂലം ബാങ്കുകള്‍ ഡിസ്‌ക്കൗണ്ട് ചെയ്ത് നല്‍കിയ തുക സര്‍ക്കാര്‍ യഥാസമയം നല്‍കാതിരുന്നതിനാലും പലിശ കുറവായതിനാലും ഈ സംവിധാനത്തിനു റിസര്‍വ് ബാങ്ക് കൂച്ചുവിലങ്ങിട്ടതോടെ നിര്‍മാണ മേഖല തിരിച്ചടി നേരിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."