ഹജ്ജിനു ഇനി ദിവസങ്ങള്‍ മാത്രം; നാളെ മുതല്‍ മക്കയിലേക്ക് നിയന്ത്രണം
റിയാദ്: സമീപ കാലങ്ങളിലെ ഏറ്റവും ആളുകള്‍ കുറഞ്ഞ ഹജ്ജിനു സാക്ഷിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വര്‍ഷങ്ങളോളമായി രണ്ടര ദശലക്ഷത്തിലധികം ആളുകളുമായി നടന്നിരുന്ന വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ ഈ വര്‍ഷം വെറും എണ്ണപ്പെട്ട ആളുകളുമായാണ് നടക്കുക. സാധാരണ ഗതിയില്‍ ഹജ്ജിനുയോടനുബന്ധിച്ച് ഈ സമയങ്ങളില്‍ ജന സാഗരമായിരുന്ന വിശുദ്ധ മക്കയും പരിസരങ്ങളും ഈ വര്‍ഷം ഹജ്ജ് സീസണില്‍ വളരെ കുറഞ്ഞ ആളുകളെ സ്വീകരിച്ച് പുണ്യ കര്‍മം പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന അവസാന ഘട്ട മിനുക്കു പണികളിലാണ്. പുതിയ തലമുറക്ക് മനസ്സില്‍ മായാത്ത പുതിയ ചരിത്രം കോറിയിട്ടാണ് മക്കയും പരിസരങ്ങളും കടന്നു പോകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ലക്ഷങ്ങള്‍ വന്നിറങ്ങി തിങ്ങി നിറയേണ്ട ഈ സമയങ്ങളില്‍ ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ശൂന്യമായി പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്.അതേസമയം, ഹജ്ജ് മുടങ്ങരുതെന്ന കര്‍ശന നിര്‍ബന്ധത്തിനു കീഴിലാണ് കൊവിഡ് മഹാമാരിക്കിടെ അതി കര്‍ശനമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് ഈ വര്‍ഷം വളരെ തുച്ഛമായ ആളുകളെ പങ്കെടുപ്പിച്ച് ഹജ്ജ് കര്‍മം നടക്കുന്നത്.
വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിക്കാന്‍ വെറും രണ്ടാച്ചാഴ്ച മാത്രം ബാക്കി നില്‍ക്കെ നാളെ മുതല്‍ മക്കയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ജൂലൈ 19 മുതല്‍ ദുല്‍ഹജ്ജ് 12 വരെ മിന, മുസ്ദലിഫ, അറഫാത് എന്നിവിടങ്ങളില്‍ ഹജ്ജിനുള്ള പ്രത്യേക അനുമതി പത്രം (തസ്രീഹ്) ഇല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കില്ല. അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ (രണ്ടു ലക്ഷത്തോളം രൂപ) പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."