രാമന്തളി മാലിന്യ പ്രശ്‌നം; സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നു: കെ.കെ രമ
പയ്യന്നൂര്‍: ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നവരെ കരിനിയമം ഉപയോഗിച്ച് തളര്‍ത്താനുള്ള നീക്കം ജനാധിപത്യമായി സമരം ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കലാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. രാമന്തളിയില്‍ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സമരം ചെയ്തിട്ട് എന്തു നേടി എന്ന് ചോദിക്കുന്ന ഭരണാധികാരികളുള്ള നാട്ടില്‍ ന്യായമായ ആവശ്യങ്ങള്‍ക്കു പോലും സാധിക്കാത്ത സാഹചര്യമാണ്.
ഭീകരവാദത്തിനെതിരെയുള്ള യു.എ.പി.എ പോലുള്ള കരിനിയമം ജനകീയ സമരക്കാര്‍ക്ക് മീതെ ചുമത്തുന്നത് വൈരുദ്ധ്യമാണ്. പ്രശ്‌ന പരിഹാരമല്ല സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കാനാണ് സര്‍ക്കാരിന് താല്‍പര്യം.
പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി റിപ്പോര്‍ട്ട് നല്‍കണം. വെള്ളം മലിനമാണെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട ആവശ്യമില്ല.
സമയമെടുത്തിട്ടാണെങ്കില്‍ പോലും പ്ലാന്റ് പൂര്‍ണമായും മാറ്റിസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും കെ.കെ രമ പറഞ്ഞു. ബീന രമേശന്‍ അധ്യക്ഷയായി. ടി.കെ വിമല, അപ്പുക്കുട്ടന്‍ കാരയില്‍, സുധാകരന്‍ പുഞ്ചക്കാട്, നളിനി ശ്രീധരന്‍, കെ.പി ശകുന്തള സംസാരിച്ചു. അനുഭാവ ഉപവാസം നടത്തിയ കെ.പി സരസ്വതിക്ക് കെ.കെ രമ നാരങ്ങാ നീര് നല്‍കി.
നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് അക്കാദമി ഗെയിറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തലില്‍ നിരാഹാരം അനുഷ്ഠിച്ചുവന്ന വീനിത് കാവുങ്കാലിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റു ചെയ്തു പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നീക്കി.
തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകന്‍ നിധീഷ് കോടിയത്ത് നിരാഹാരം ആരംഭിച്ചു. ആര്‍.എം.പി നേതാവ് കെ.കെ രമ ഷാള്‍ അണിയിച്ചു.
മാലിന്യ സമരം 58ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജവഹര്‍ ബാലവേദി സംസ്ഥാന ചെയര്‍മാന്‍ ജി.വി ഹരി, ഭാരവാഹികളായ ജലീല്‍, സി.വി ജിതേഷ്, മുന്‍ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സി അസൈനാര്‍ തുടങ്ങിയവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."