സ്വര്‍ണക്കടത്ത് തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് എന്‍.ഐ.എയോട് പൊലിസ്
പൊലിസിന്റെ കൈവശം ഉള്ള വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്‍.ഐ.എയ്ക്ക് കത്തു നല്‍കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലിസിന്റെ കൈവശം ഉള്ള വിവരങ്ങളും ഡി.ജി.പി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. ചില സ്വര്‍ണക്കടത്തുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനാണെന്ന് സംശയമുണ്ട്. കേസുകളുടെ പൂര്‍ണവിവരം കൈമാറാമെന്നും അന്വേഷണത്തില്‍ സഹായിക്കാമെന്നും കത്തില്‍ ഡി.ജി.പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി പൊലിസും എക്‌സൈസും പിടികൂടിയ സ്വര്‍ണം, കാരിയര്‍മാരുടെ റിക്രൂട്ട്‌മെന്റ്, തീവ്ര നിലപാടുള്ള കക്ഷികളുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന പൊലിസ് ശേഖരിച്ച വിവരങ്ങളെല്ലാം കൈമാറിയ റിപ്പോര്‍ട്ടില്‍ ഉണ്ട്.
ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത് 2018 ലാണ്. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ സ്വര്‍ണവുമായി എത്തുന്ന ആള്‍ക്ക് ഒന്നര ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്നുവെന്നാണ് പൊലിസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഹവാല, സ്വര്‍ണ കളളക്കടത്ത് ഇടപാടുകളില്‍ പങ്കുള്ള ദുബൈയില്‍ ഹോട്ടല്‍ നടത്തുന്ന ആളെകുറിച്ചുള്ള വിവരങ്ങളും പൊലിസ് റിപ്പോര്‍ട്ടിലുണ്ട്.
സ്വപ്നയെക്കുറിച്ചുള്ള വിവരം തേടി എന്‍.ഐ.എ ക്രൈംബ്രാഞ്ച് ഓഫിസില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം സ്വപ്നയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തി ശേഖരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എന്‍.ഐ.എ ഡിവൈ.എസ്.പി വിജയകുമാറും സംഘവുമെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലേക്ക് പ്രസക്തമായ വിവരങ്ങള്‍ ദേശീയ അന്വേഷണ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന് നല്‍കി. തുടരന്വേഷണത്തിനു ഇരു കൂട്ടര്‍ക്കും ആവശ്യമായ വിവരങ്ങള്‍ കൈമാറുമെന്ന് ധാരണയായി.
സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെതിരായ വ്യാജരേഖാക്കേസിന്റെ വിവരങ്ങള്‍ എന്‍.ഐ.എക്ക് കൈമാറിയെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിയിച്ചു.
2016ല്‍ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന വ്യാജരേഖ ചമച്ചത്. സ്വപ്നക്കെതിരേ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. സ്‌പേസ് പാര്‍ക്കിലെ ജോലിക്ക് സ്വപ്ന ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയ ശേഷം മഹാരാഷ്ട്രയിലെ ഡോ.ബാബ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയെ ബന്ധപ്പെടാനാണു തീരുമാനം.
കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പരാതിയിലാണു നടപടി. കണ്‍സല്‍റ്റന്‍സി കരാറുള്ള പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെയും ഇടനില കമ്പനിയായ വിഷന്‍ ടെക്‌നോളജിയെയും രണ്ടും മൂന്നും പ്രതികളാക്കിയാണു കേസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വപ്നയെ ശുപാര്‍ശ ചെയ്തത് പി.ഡബ്ല്യു.സി ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."