ടി.പി വധത്തില്‍ ജയരാജനു പങ്കുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു
? വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി ജയരാജനെതിരേ നടത്തിയ കൊലയാളി പരാമര്‍ശവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ശിക്ഷിക്കപ്പെടാത്ത ഒരാളെ ഇങ്ങനെ വിളിച്ചത് ശരിയായോ? എങ്ങനെ കാണുന്നു ഈ കേസിനെ.
കെ.കെ രമ: രണ്ടു കൊലപാതകക്കേസിലുള്‍പെടെ പത്തു കേസുകളില്‍ പ്രതിയാണെന്ന് സത്യവാങ്മൂലം നല്‍കിയ ആളാണ് ജയരാജന്‍. ഇത്തരമൊരാളെ മറ്റെന്താണ് വിളിക്കേണ്ടത്? മുന്‍പ് സി.പി.എം ഇത്തരത്തില്‍ തന്നെയാണ് എല്ലാവരെയും അഭിസംബോധന ചെയ്തത്. എം.വി രാഘവനെ കൊലയാളി രാഘവനെന്നും കെ. കരുണാകരനെ കൊലയാളിയെന്നും വിളിച്ചവരാണ് സി.പി.എം. ഞാന്‍ പറഞ്ഞത് എന്റെ ബോധ്യമാണ്. ടി.പി വധക്കേസിലടക്കം അദ്ദേഹത്തിന് പങ്കുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. അന്ന് കൊലയാളികള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തത് ജയരാജനാണ്. ജില്ലാ സെക്രട്ടറിയുടെ ഓഫിസ് വാഹനത്തിലാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ ഇപ്പോഴും ജയരാജന്‍ ജില്ലാ സെക്രട്ടറിയായ പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റിയംഗമാണ്. പ്രതികള്‍ക്കു മര്‍ദനമേറ്റു എന്നാരോപിച്ച് വിയ്യൂര്‍ ജയിലില്‍ ഓടിയെത്തിയവരില്‍ ജയരാജനുമുണ്ടായിരുന്നു. കണ്ണൂരിലെ ജയില്‍ ഉപദേശക സമിതിയംഗമായ ജയരാജന്റെ ഒത്താശയോടെയാണ് ടി.പി കേസിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ടി.പി കേസില്‍ ജയരാജന് പങ്കുണ്ട് എന്നുതന്നെയാണ്. അത്തരമൊരാളെക്കുറിച്ച് അങ്ങനെയൊരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ എന്തു ശിക്ഷ ലഭിച്ചാലും ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണ്.
? പി. ജയരാജനെ വ്യക്തിപരമായാണോ ആര്‍.എം.പി എതിരിടുന്നത്.
= ഒരിക്കലുമല്ല. ജയരാജന്‍ സി.പി.എം എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതീകമാണ്. സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ആഗ്രഹമാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്‍പോട്ടു വയ്ക്കുന്നത്. ജയരാജന്റെ സ്ഥാനാര്‍ഥിത്വം വടകരയിലെ മാത്രമല്ല, കേരളത്തിലെ ജനങ്ങളോടുള്ള സി.പി.എമ്മിന്റെ വെല്ലുവിളി കൂടിയാണ്. ഇത് മറ്റൊരു പാര്‍ട്ടിയിലാണെങ്കില്‍ ഇവിടെ എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? സി.പി.എം ഇതൊക്കെ ചെയ്താല്‍ എല്ലാവരും അംഗീകരിക്കണം, അതിനെ ചോദ്യം ചെയ്യരുത് എന്ന ധാര്‍ഷ്ട്യം നടക്കില്ല. ഇത് ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയാണ് വടകരയിലെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
? വടകരയിലെ മത്സരത്തെ എങ്ങനെ വിലയിരുത്തുന്നു.
= കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയായതോടെ സി.പി.എം ഭയന്നിരിക്കുകയാണ്. എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥ. അവര്‍ പരാജയം ഉറപ്പിച്ചു. അതിന്റെ വെപ്രാളത്തിലാണ് ഓരോ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്ത് കോലീബിയാണിവിടെ? ഒരു രാഷ്ട്രീയവും നോക്കാതെ കൊലയാളികള്‍ക്കെതിരേയുള്ള ജനവിധിയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് വടകരയിലെ മനുഷ്യര്‍. വടകരയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും സി.പി.എം കേന്ദ്രങ്ങളാണ്. എന്നിട്ടും 2009ല്‍ സതീദേവി പരാജയപ്പെട്ടു. കണക്കുകളല്ല പ്രധാനം. ഇത്തരം രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുണ്ട്. അവര്‍ വോട്ടിലൂടെ പ്രതികരിക്കും.
? ആര്‍.എം.പി ഒരു ഇടതുപക്ഷ പാര്‍ട്ടിയാണ്. എന്നാല്‍ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുക്കുന്ന നിലപാടുകള്‍ വലതുപക്ഷ വ്യതിയാനമായി തെറ്റിദ്ധരിക്കപ്പെടില്ലേ.
= ഒരിക്കലുമില്ല. തെരഞ്ഞെടുപ്പിലെടുക്കുന്ന നിലപാട് അതാത് കാലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ളതാണ്. നേരത്തെ പറഞ്ഞപോലെ ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരാള്‍ ഇവിടെ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഒരു ജനാധിപത്യ ഐക്യമുണ്ടാവേണ്ടത് മനുഷ്യത്വമുള്ളവരുടെ വിഷയമാണ്. അത് ആര്‍.എം.പിയുടെ മാത്രം വിഷയമല്ല. സി.പി.എം മനഃപൂര്‍വം ആര്‍.എം.പി കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് പറയുന്നത്. അവര്‍ക്കെതിരേ എക്കാലത്തും ഉയര്‍ന്ന വിമത ശക്തികളെ അവസാനിപ്പിച്ചത് ഇതേ തന്ത്രത്തിലൂടെയാണ്. ഇത്തരം ബദല്‍ നിലപാടെടുത്ത് എതിരിട്ടു നില്‍ക്കുന്നവരെ യു.ഡി.എഫിലോ ബി.ജെ.പിയിലോ എത്തിക്കാനാണ് സി.പി.എം ശ്രമം. ആര്‍.എം.പി ഉയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പില്‍ പരസ്യമായ രാഷ്ട്രീയ നിലപാടാണ് ഞങ്ങള്‍ എടുത്തത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ കൃത്യമായ ബോധ്യമുണ്ട്. അല്ലാതെ ഓരോ സംസ്ഥാനത്തും ഓരോ നിലപാടുള്ള സി.പി.എമ്മിനെപ്പോലെയല്ല. തമിഴ്‌നാട്ടില്‍ രാഹുലിന്റെയും സോണിയയുടെയും പ്രിയങ്കയുടെയുമെല്ലാം മുഖം വച്ചാണ് സി.പി.എം വോട്ടു പിടിക്കുന്നത്.
ബദല്‍ ഇടതുപക്ഷമാണ് ടി.പി ചന്ദ്രശേഖരന്‍ മുന്നോട്ടുവച്ചത്. ഈ ബദലിന്റെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരു പാര്‍ട്ടി സംവിധാനവുമായി പാര്‍ട്ടി മുന്നോട്ടു പോകുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുന്‍പു തന്നെ യു.ഡി.എഫിനു നിരുപാധിക പിന്തുണ നല്‍കുമെന്ന് ആര്‍.എം.പി വ്യക്തമാക്കിയതാണ്. ഇതു മുഴുവന്‍ ജനങ്ങള്‍ക്കു വേണ്ടിയാണ്. മറ്റൊരു താല്‍പര്യവുമില്ല. യു.ഡി.എഫ് രാഷ്ട്രീയത്തിനോടുളള ആഭിമുഖ്യത്തിന്റെ പുറത്തല്ല ഈ തീരുമാനം. ഞങ്ങള്‍ തനിച്ചാണ് പ്രചാരണം നടത്തുന്നത്. യു.ഡി.ഫിനൊപ്പം പ്രചാരണത്തില്‍ പങ്കാളികളാകുന്നില്ല. അക്രമങ്ങളുടെ പ്രതിനിധി ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടരുത് എന്നതു മാത്രമാണ് അജന്‍ഡ. ഞങ്ങള്‍ക്കിത് ഒരു രാഷ്ട്രീയ സമരരംഗം കൂടിയാണ്. അക്രമ, കൊലപാതക, ഫാസിസ്റ്റ്് രാഷ്ട്രീയത്തിനെതിരേയുള്ള രാഷ്ട്രീയ സമരം.
? കെ. കരുണാകരനെതിരേയുള്ള സമരങ്ങള്‍ക്ക് കെ.കെ രമ നേതൃത്വം നല്‍കിയിട്ടുണ്ട്. അതേ കരുണാകരന്റെ മകന് ഇപ്പോള്‍ നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ എന്തു തോന്നുന്നു.
= കരുണാകരന്റെ വിഷയങ്ങള്‍ ആ കാലഘട്ടത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അന്നും ഇന്നും ആ വിഷയത്തില്‍ നിലപാട് അതുതന്നെയാണ്. എന്നാല്‍ അന്ന് കരുണാകരന്‍ ചെയ്ത കാര്യത്തിന് മുരളി എങ്ങനെയാണ് ഉത്തരവാദിയാകുക? അങ്ങനെയെങ്കില്‍ കൂത്തുപറമ്പ് സംഭവത്തില്‍ കൊലയാളിയായി സി.പി.എം കണ്ട എം.വി രാഘവന്റെ മകന്‍ നികേഷ് എങ്ങനെയാണ് സി.പി.എമ്മിന്റെ അഴീക്കോട്ടെ സ്ഥാനാര്‍ഥിയായത്? അച്ഛന്‍മാര്‍ ചെയ്യുന്നതിനെല്ലാം മക്കള്‍ ഉത്തരവാദിയാണെങ്കില്‍ പിണറായി അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കു ബന്ധമുള്ള കേസുകളിലെല്ലാം അവരുടെ മക്കളും ഉത്തരവാദികളാണോ?
? ജയരാജനും അക്രമരാഷ്ട്രീയത്തിന്റെ ഇര എന്നാണ് സി.പി.എം പറയുന്നത്.
= ജയരാജന്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇര എന്ന് സ്ഥാപിക്കുന്നത് കാപട്യമാണ്. കണ്ണൂരിലെ രാഷ്ട്രീയത്തില്‍ സി.പി.എമ്മും ആര്‍.എസ്.എസും നടത്തിവന്ന പ്രാകൃത ഗോത്ര ചോരക്കളിയുടെ ഇരയായിട്ടാണ് ജയരാജന്റെ കൈയുടെ വിരല്‍ നഷ്ടപ്പെട്ടത്. അതൊരു രാഷ്ട്രീയത്തിന്റെ ഭാഗമായല്ല. ചോരക്കളിയാണ്. ഒരു ജനതയെ മുഴുവന്‍ ഭയപ്പെടുത്തി ഒരു രാഷ്ട്രീയത്തിനു കീഴെ നിര്‍ത്താന്‍ സി.പി.എമ്മും ബി.ജെ.പിയും ഒരേപോലെ കളിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബാക്കി പത്രമാണത്. അത്തരത്തിലുള്ള ഒരാള്‍ ഇരയാണെന്ന് പറയുന്നതില്‍ പരം പ്രഹസനം എന്താണുള്ളത്.
? ജയരാജന്റെ കൈയ്ക്കു ഗുരുതരമായി പരുക്കേറ്റു. അത്ഭുതകരമായിട്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
= ജയരാജന്റെ കൈവിരല്‍ നഷ്ടപ്പെട്ടതിനെ ചെറിയ സംഭവമായി കാണുന്നില്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതേ അവസരത്തില്‍ തലപോയ നേതാക്കള്‍ അവിടെയുണ്ടെന്നതും നാം കാണണം. സാധാരണക്കാരായ നിരവധി പേര്‍ക്ക് അവിടെ ജീവന്‍ പോയിട്ടുണ്ട്. ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ട നിരവധി പേരുണ്ട്. ഈ ചോരക്കളി അവസാനിപ്പിക്കണം.
? ടി.പിയും അക്രമ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെന്ന് സി.പി.എം പറയുന്നു.
= അങ്ങനെ പല വാദങ്ങളും പറയുന്നുണ്ട്. തോല്‍വി ഭയത്തില്‍ നിന്നാണ് ഇത്തരം ജല്‍പനങ്ങള്‍ ഉണ്ടാവുന്നത്. അതിനൊന്നും മറുപടിയില്ല. പാര്‍ട്ടിയിലേക്ക് ചന്ദ്രശേഖരനെ മടക്കികൊണ്ടുവരാന്‍ മുന്‍കൈയെടുത്തു എന്നാണ് മറ്റൊരു കാര്യം പറയുന്നത്. എന്നാല്‍ ഒന്നു ചോദിക്കട്ടെ, അങ്ങനെ ശ്രമിച്ചിട്ട് നടക്കാതെപോയാല്‍ അയാളെ ഇല്ലാതാക്കുക എന്നതാണോ പാര്‍ട്ടിയുടെ നയം? പരാജയഭീതിയില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം പ്രതികരണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. ടി.പി ആരായിരുന്നു എന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."