രാഹുല്‍ തരംഗത്തില്‍ പ്രചാരണം മറക്കുന്നു; പരാതിയുമായി സ്ഥാനാര്‍ഥികളും
കൊച്ചി: രാഹുല്‍ തരംഗത്തില്‍ അണികളും താഴേതട്ടിലുള്ള നേതാക്കളും പ്രചാരണകാര്യം മറക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ പുതിയ വിവാദം. മാധ്യമങ്ങളുടെ അഭിപ്രായ സര്‍വേ ഫലങ്ങള്‍ കൂടിയായതോടെ അമിത ആത്മവിശ്വാസം വിനയാകുമോ എന്ന ആശങ്കയിലാണ് സ്ഥാനാര്‍ഥികളും. അണികളുടെ നിഷ്‌ക്രിയത്വം സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ കെ.പി.സി.സി നേതൃത്വത്തെ പരാതി അറിയിച്ചുകഴിഞ്ഞു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി പ്രചാരണത്തിനു ഫണ്ടില്ലാതെ വിഷമിക്കുന്നതിനിടയിലാണ് അണികളുടെ നിഷ്‌ക്രിയത്വവും. ഇതോടെ ഉറച്ച സീറ്റുകളില്‍പോലും പ്രചാരണം പിന്നോട്ടുപോയതാണ് നേതാക്കളെയും സ്ഥാനാര്‍ഥികളെയും ഒരുപോലെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയില്ലെങ്കില്‍ പ്രചാരണ രംഗത്ത് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധ ഒന്നാകെ വയനാട്ടിലേക്ക് കേന്ദ്രീകരിച്ചു. രാഹുലിനെ ജയിപ്പിക്കുക എന്നതല്ല, ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അഖിലേന്ത്യാ നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന്റെ ഭാഗമായി പ്രമുഖ നേതാക്കള്‍ക്കെല്ലാം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ചുമതല നല്‍കി. വയനാട്ടിലെ ഓരോ നിയമസഭാ മണ്ഡലവും കേന്ദ്രീകരിച്ച് പരാമവധി വോട്ടുറപ്പിക്കുക എന്നതാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന ചുമതല. ഇതോടെ സംസ്ഥാനത്തെ മറ്റു 19 ലോക്‌സഭാ മണ്ഡലങ്ങളില്‍ നേതൃക്ഷാമം രൂക്ഷമായതായാണ് സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. നേതാക്കള്‍ വയനാട്ടിലേക്കു പോയതിനു പിന്നാലെ രാഹുല്‍ തരംഗത്തില്‍ വിജയം എളുപ്പമാണെന്ന ധാരണയില്‍ പ്രവര്‍ത്തകരും പിന്‍വലിഞ്ഞു.
വിജയം ഉറപ്പിച്ചുകൊണ്ട് വിവിധ മാധ്യമങ്ങളുടെ അഭിപ്രായ സര്‍വേ കൂടി പുറത്തുവന്നതോടെ ഇനിയെന്തിന് വെയിലുകൊള്ളണം എന്ന ചിന്തയും പ്രവര്‍ത്തകര്‍ക്കിടയില്‍ രൂപപ്പെട്ടു.
ഇതോടൊപ്പം കടുത്ത ചൂടും പ്രവര്‍ത്തകരുടെ ആവേശക്കുറവിനു കാരണമായി. ഇതോടെയാണ് പ്രചാരണ രംഗത്തെ തണുപ്പന്‍ സമീപനം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത്. തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ഈ പരാതി പരസ്യ ചര്‍ച്ചയായതെങ്കിലും മറ്റു മണ്ഡലങ്ങളില്‍ നിന്നും നിരവധി പരാതികള്‍ പോയതായാണ് സൂചന. ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാമെന്നും വരും ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ കൂടുതലായി രംഗത്തിറങ്ങുമെന്നുമുള്ള ഉറപ്പാണ് നേതൃത്വം സ്ഥാനാര്‍ഥികള്‍ ഉള്‍പെടെയുളളവര്‍ക്ക് നല്‍കുന്നത്. പാര്‍ട്ടിക്കു കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാതായതോടെ തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടുന്നതിനും പരിമിതികളുണ്ട്. ഇതും പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."