സഊദിയില്‍ സ്വകാര്യമേഖലയിലെ ഉന്നത ജോലികളും സഊദിവല്ക്കരിക്കുന്നു
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക ശരിവച്ച് സഊദി തൊഴില്‍ മന്ത്രി. സ്വകാര്യമേഖലയിലെ ഉന്നത തസ്തികകള്‍ പൂര്‍ണമായും സ്വദേശി യുവതീ യുവാക്കള്‍ക്കായി നിജപ്പെടുത്താനുള്ള തീരുമാനവുമായാണ് സഊദി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത്. പദ്ധതിയുടെ ആദ്യഘട്ടം രണ്ടു മാസത്തിനകം നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി രണ്ടായിരം യുവതീ യുവാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ പരിശീലനം നല്‍കുമെന്നും സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. ഒരു വര്‍ഷത്തില്‍ കുറയാത്ത പരിശീലന കോഴ്സുകളാണ് നടത്തുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ നിയമനം നല്‍കും.
ആദ്യഘട്ടത്തിലെ പദ്ധതി വിജയം വിലയിരുത്തിയ ശേഷമാണ് അടുത്ത ഘട്ടങ്ങളില്‍ ഇത് എങ്ങനെ നടത്തണമെന്ന കാര്യങ്ങള്‍ തീരുമാനിക്കൂ. സ്വകാര്യമേഖലയില്‍ ഉന്നത തസ്തികകള്‍ സഊദിവല്ക്കരിക്കുന്നതിന് പ്രതിബന്ധങ്ങളൊന്നുമില്ല. സ്വകാര്യമേഖലയില്‍ 18 ലക്ഷത്തിലേറെ സഊദികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. സഊദിയില്‍ നിലവില്‍ ദൃശ്യമായ സാമ്പത്തിക ചലനങ്ങളും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളും സ്വകാര്യമേഖലയില്‍ സഊദിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."