ആര്‍.എസ്.എസ് കുട്ടികളുടെ മാനുഷിക മൂല്യങ്ങള്‍ നശിപ്പിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആര്‍.എസ്.എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനം നടത്തുകയാണ്. ചെറിയ കുട്ടികളിലെ മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പരിശീലനത്തിലൂടെ ഇവരുടെ സാംസ്‌കാരിക ഉന്നമനം സാധ്യമാകുന്നില്ല. മാനുഷികമൂല്യങ്ങള്‍ ചോര്‍ന്നു പോവുകയാണ്. അന്ധമായ സി.പി.എം വിരോധം കാരണം സി.പി.എമ്മുകാരെയും ചില കോണ്‍ഗ്രസുകാരെയും കൊന്നൊടുക്കി. സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും ആയുധപരിശീലനങ്ങള്‍ നടക്കുന്നു. ഇത് അനുവദിക്കില്ല.
പ്രാദേശികമായ പല അക്രമങ്ങളിലും മറ്റു കേന്ദ്രങ്ങളില്‍ നിന്നുള്ളവരെ ഇവര്‍ എത്തിക്കുന്നു. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും ക്യാംപ് ചെയ്ത് ക്ഷേത്രോത്സവത്തിനും മറ്റുമെത്തുന്നവരെ ആക്രമിക്കുന്നുണ്ട്. തലശേരി ജഗന്നാഥ ക്ഷേത്രത്തിലുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണ്. ഇത്തരത്തിലുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് കാസര്‍കോട് മദ്‌റസാ അധ്യാപകനെ കൊലപ്പെടുത്തിയത്. വര്‍ഗീയ കലാപം ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചത്.
കൊല്ലപ്പെട്ട അധ്യാപകനുമായി യാതൊരു വിരോധവുമില്ലാത്തവരാണ് ആക്രമണത്തിന് പിന്നില്‍. സ്ഥലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും മുസ് ലിം ജനവിഭാഗവും ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി മനസിലാക്കി ഒപ്പം നിന്നു. അതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആയുധപരിശീലനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരാനും സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."