കൈയേറ്റങ്ങളും കടന്നുകയറ്റങ്ങളും പുഴകളെ ഇല്ലാതാക്കി
മീനങ്ങാടി: വെള്ളമൊഴുകാന്‍ ഇടംകൊടുക്കാതെയുള്ള കയ്യേറ്റങ്ങള്‍ വയനാടിനെ ദുരന്തകാഴ്ച്ചകളിലേക്ക് തള്ളിവിടുന്നു. ജില്ലയിലെ പുഴകളും, തോടുകളും, കൈതോടുകളിലും മണ്ണിട്ടും മണലെടുത്തും വികസനപ്രവര്‍ത്തികള്‍ നടത്തിയും വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസപ്പെടുത്തുന്നത് ജില്ലയില്‍ ചെറിയ മഴയില്‍ പോലും വെള്ളപൊക്കത്തിനിടയാക്കുകയാണ്.
പുഴയിലേക്ക് ഇടിഞ്ഞു വീഴുന്ന മണ്ണ് നീക്കം ചെയ്യാത്തതിനാലും പുഴയോരങ്ങളും തോടുകളും കയ്യേറിയുള്ള അനധികൃത പ്രവര്‍ത്തനങ്ങളുമാണ് വെള്ളപ്പൊക്കത്തിലേക്കും, നാശനഷ്ടങ്ങളിലേക്കും ജില്ലയെ കൊണ്ടെത്തിക്കുന്നത്.
ആദ്യകാലങ്ങളില്‍ പത്തും പതിനഞ്ചും മീറ്റര്‍ വീതിയുണ്ടായിരുന്ന പുഴകള്‍ക്ക് സംരക്ഷണ കവചമായി പ്രകൃതിയൊരുക്കിയിരുന്ന കൈതോലകളും, കണ്ടല്‍ക്കാടുകളും പുഴകളുടെ സ്വാഭാവികത നിലനിര്‍ത്തിയിരുന്നു. എന്നാല്‍ പ്രകൃതിയെ കീറിമുറിച്ചുകൊണ്ടുള്ള കയ്യേറ്റവും വികസനപ്രവര്‍ത്തനങ്ങളും പുഴയെ കൊല്ലുകയും വെള്ളമൊഴുക്ക് തടയുകയുമാണ് ചെയ്തത്.
കയ്യേറ്റങ്ങള്‍ക്കൊടുവില്‍ പതിനഞ്ചുമീറ്ററോളമുണ്ടായിരുന്ന പുഴകളിപ്പോള്‍ പത്ത് മീറ്ററും ചിലയിടങ്ങളില്‍ രണ്ട്മീറ്ററായും ശോശിച്ച അവസ്ഥയിലാണ്. ആദ്യകാലങ്ങളില്‍ കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിലനിന്നിരുന്ന തോടുകളും കൈതോടുകളും മണ്ണിട്ട് നികത്തി കെട്ടിടങ്ങളും വീടുകളും നിറഞ്ഞതോടെ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഇടുങ്ങിയ പുഴകളിലൂടെ കവിഞ്ഞൊഴുകുന്ന വെള്ളം ഒഴുകാന്‍ ഇടമില്ലാതെ താഴ്ന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണെങ്ങും.
ഇതിനു പുറമെ പുഴകളുടെയും, തോടുകളുടെയും സംരക്ഷണം ഉറപ്പാക്കാതെയുള്ള അനധികൃത മണല്‍ഘനനവും വയനാടിന്റെ ശാപമായി മാറുകയാണ്. ജില്ലയില്‍ വൈത്തിരി പുഴ, വെണ്ണിയോട് വലിയപുഴ, ചെറുപുഴ, പനമരം പുഴ, നിരവില്‍ പുഴ, മാനന്തവാടി ചെറുപുഴ, പുല്‍പ്പള്ളി കടമാന്‍തോട്, മുത്തങ്ങ, മുട്ടില്‍ നെന്‍മേനിപ്പുഴ, അത്തിനിലം പുഴ എന്നിങ്ങനെ നിരവധി പുഴകളും തോടുകളുമാണ് കടന്നുകയറ്റങ്ങളുടെയും, കയ്യേറ്റങ്ങളുടെയും നേര്‍കാഴ്ചയാവുന്നത്.
അതുകൊണ്ട് തന്നെ ശക്തമായി മഴപെയ്താല്‍ മേപ്പാടി പുത്തൂര്‍വയല്‍, കല്‍പ്പറ്റ മണിയങ്കോട്, നെടുനിലം, കാവുമന്ദം, വെണ്ണിയോട് കുറുമണിക്കുന്ന്, പടവെട്ടിക്കുന്ന്, തേരാറ്റുകുന്ന്, ഓട്ടംകുന്ന്, പൊയില്‍കോളനി, കുനിയില്‍ ലക്ഷംവീട് കോളനി, പൊഴുതന, മീന്‍ചാല്‍, അച്ചൂര്‍, ആനോത്ത്, പനമരം മാതോത്ത് പൊയില്‍, മാനന്തവാടി വള്ളിയൂര്‍ക്കാവ്, മുട്ടില്‍ നെന്‍മേനികോളനി, കൊളവയല്‍, തൃക്കൈപ്പറ്റ വെള്ളിത്തോട് ചീപ്പോട്ട് കുന്ന്, മീനങ്ങാടി കോലംമ്പറ്റ, കുട്ടരായിന്‍പാലം, ചില്ലിംഗ് പ്ലാന്റ്, മണങ്ങുവയല്‍, അത്തിനിലം, പുല്‍പ്പള്ളി പാളക്കൊല്ലി, കോട്ടത്തറ, കുമ്പളാട് തുടങ്ങി ഓരോ വര്‍ഷം കഴിയുന്തോറും വെള്ളം കയറുന്ന സ്ഥലങ്ങളും സ്ഥലങ്ങളുടെ വ്യാപ്തിയും വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.
ഇനിയും പുഴകളും തോടുകളും കൈതോടുകളും സംരക്ഷിച്ചില്ലെങ്കില്‍ വയല്‍നാടെന്ന വയനാട് വരും തലമുറക്ക് ദുരിതങ്ങള്‍ മാത്രമാവും നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."