ഓണ്‍ലൈന്‍ ടിക്കറ്റ് പരിധി ഉയര്‍ത്താതെ ഐ.ആര്‍.സി.ടി.സി; യാത്രക്കാര്‍ക്കു ദുരിതം
കണ്ണൂര്‍: രാജ്യം നോട്ടുരഹിത ഇടപാടിലേക്കു മാറണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി ആവര്‍ത്തിക്കുമ്പോഴും യാത്രക്കാരന് ഓണ്‍ലൈനായി പ്രതിമാസ ടിക്കറ്റെടുക്കാനുള്ള പരിധി ഉയര്‍ത്താതെ റെയില്‍വേ. വ്യക്തികള്‍ക്ക് ടിക്കറ്റ് എടുക്കാനുള്ള വെബ്‌സൈറ്റായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി) അക്കൗണ്ട് വഴി വ്യക്തികള്‍ക്കു പ്രതിമാസം ആറു ട്രെയിന്‍ ടിക്കറ്റ് മാത്രമേ ഓണ്‍ലൈനായി എടുക്കാനാകൂ.
നേരത്തെ പ്രതിമാസം 10 ടിക്കറ്റ് എടുക്കാവുന്ന പരിധിയാണ് അടുത്തിടെ വെട്ടിക്കുറച്ചത്. ഇതു സ്ഥിരമായി ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്ന യാത്രക്കാരെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും കമ്പനി പ്രതിനിധികളെയും ബുദ്ധിമുട്ടിക്കുകയാണ്. ഒരു യാത്രയ്ക്ക് മടക്ക ടിക്കറ്റടക്കം എടുക്കുകയും ടിക്കറ്റ് പിന്നീട് റദ്ദാക്കുകയും ചെയ്താല്‍ തന്നെ നാല് ഇടപാടാകും. നേരിട്ടു ട്രെയിന്‍ റൂട്ട് ഇല്ലാത്ത മേഖലയിലേക്ക് ഒരു സ്റ്റേഷനിലിറങ്ങി മറ്റു ട്രെയിനില്‍ കയറേണ്ടി വരികയാണെങ്കില്‍ ചുരുക്കത്തില്‍ ഒരു യാത്രയില്‍ തന്നെ ഒരുമാസത്തെ ടിക്കറ്റ് പരിധി അവസാനിക്കും.
നോട്ട് നിരോധനത്തിനു മുമ്പ് തന്നെ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റും മൊബൈല്‍ ആപ്പായ ഐ.ആര്‍.സി.ടി.സി കണക്ടും പരിഷ്‌കരിച്ചിരുന്നു. നിലവില്‍ പ്രതിമാസ ടിക്കറ്റ് എടുക്കാനുള്ള പരിധി ഉയര്‍ത്തിയാലും വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവയുടെ സെര്‍വറിനു പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നു ഐ.ആര്‍.സി.ടി.സിയുടെ ചെന്നൈയിലെ സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. നോട്ടുരഹിത ഇടപാടിലേക്കു മാറിയ ഉടന്‍ ഉപഭോക്താക്കള്‍ ഇ ഇടപാടിലേക്കു മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഐ.ആര്‍.സി.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റിനുള്ള സര്‍വിസ് നിരക്ക് എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ പ്രതിമാസ ടിക്കറ്റെടുക്കാനുള്ള എണ്ണം വര്‍ധിപ്പിക്കാത്തതാണു യാത്രക്കാര്‍ക്കു തിരിച്ചടിയായത്.
നിലവില്‍ റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പി.ഒ.എസ് യന്ത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരം പൂര്‍ണമായി നല്‍കേണ്ടതിനാല്‍ ഏറെ സമയമെടുക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലുള്ളവര്‍ക്കേ റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളെ ആശ്രയിക്കാനാകൂ.
നഗര മേഖലയിലും പുറത്തുമുള്ളവര്‍ തത്കാല്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ വേഗത്തില്‍ എടുക്കാന്‍ ഐ.ആര്‍.ടി.സി ഓണ്‍ലൈനിനെ ആണ് കൂടുതലായി ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."