HOME
DETAILS
MAL
സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു
backup
July 20 2020 | 03:07 AM
തിരുവനന്തപുരം: വ്യാജ ലൈംഗിക പീഡന പരാതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ വ്യാജ പരാതി നല്‍കിയ കേസിലാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയത്.
2016 മാര്‍ച്ചില്‍ കന്റോണ്‍മെന്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ് ജേക്കബ് എന്നയാള്‍ മാത്രമായിരുന്നു പ്രതി.
അന്വേഷണം ഇഴഞ്ഞതിനെ തുടര്‍ന്ന് കോടതി ഇടപെടല്‍ ഉണ്ടായപ്പോള്‍ കേസ് കഴിഞ്ഞ വര്‍ഷം ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. അതിനു ശേഷമാണ് സ്വപ്ന സുരേഷിനെ കൂടി പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.
ഇതിനായി അഞ്ചു മാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു. കാലാവധി ഈ മാസം അവസാനിക്കുമ്പോഴാണ് സ്വപ്നയെ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തയാറായത്.
സ്വാധീനമുപയോഗിച്ച് സ്വപ്ന ഈ കേസിന്റെ അന്വേഷണം തടഞ്ഞിരുന്നതായാണ് പ്രതിപക്ഷ ആരോപണം.
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്നക്കുമേല്‍ ചുമത്തിയിട്ടുള്ളത്. ഈ കേസില്‍ രണ്ടു തവണ സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിനായി ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവായി.
വ്യാജ സര്‍ട്ടിഫിക്കറ്റ്: സ്വപ്നയെ
പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിനെപോലും സ്വാധീനിക്കുന്ന തരത്തിലുള്ള ജോലി സ്വന്തമാക്കുന്നതിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ കേസില്‍ സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കന്റോണ്‍മെന്റ് പൊലിസാണ് ഇതുസംബന്ധിച്ച് സ്വപ്നക്കെതിരേ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്ര ഡോ.ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജി സര്‍വകലാശാലയുടെ പേരിലാണു സ്വപ്ന വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെ നിര്‍മിച്ചു, ആരൊക്കെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും അന്വേഷിക്കുക. സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ ഇതു സംബന്ധിച്ചു കൂടുതല്‍ വ്യക്തത ലഭിക്കുവെന്നാണു പൊലിസ് വിലയിരുത്തല്‍. എന്‍.ഐ.എയും കസ്റ്റംസും നടത്തുന്ന തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ ശേഷമാകും സ്വപ്നയെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കുക.
സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വപ്ന സുരേഷിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ 13ന് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."