പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ വി.യൗസേപ്പിതാവിന്റെ 141-ാം തിരുനാളിന് മെയ് അഞ്ചിന് തുടക്കം കുറിക്കും
തൃശൂര്‍: പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ വി.യൗസേപ്പിതാവിന്റെ 141-ാം തിരുനാള്‍ മെയ് അഞ്ചു മുതല്‍ ഏഴുവരെ ആഘോഷിക്കും. വെള്ളിയാഴ്ച അഞ്ചരക്കുള്ള ദിവ്യബലിക്കുശേഷം കൊടിയേറ്റം നടക്കും.
തുടര്‍ന്ന് 141 ഇനത്തില്‍പ്പെട്ട 2500 ഫലവൃക്ഷതൈകളുടെ വിതരണവും നടക്കും. എല്ലാ ദിവസവും ദിവ്യബലിയുണ്ടാകും. കൊടികയറ്റം മുതല്‍ തിരുനാള്‍ വരെ നവനാള്‍ ആചരണം നടക്കും. മെയ് അഞ്ചിന് ഏഴരക്ക് പാവറട്ടി സെന്റ് തോമസ് ആശ്രമദേവാലയം പ്രിയോര്‍ ഫാ.ജോസഫ് ആലപ്പാട്ട് ദീപാലാങ്കാരം സ്വിച്ച് ഓണ്‍ ചെയ്യും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ബാന്റ് വാദ്യമത്സരവും നടക്കും. ആറിന് 10 ന് നടക്കുന്ന നൈവേദ്യപൂജക്കു ശേഷം രണ്ടു ലക്ഷത്തോളം പേര്‍ക്കുള്ള ഊട്ട് നേര്‍ച്ച നടക്കും.
അഞ്ചരക്ക് തൃശൂര്‍ അതിരൂപത സഹായ മെത്രാപോലീത്ത മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ സമൂഹബലിയുണ്ടാകും.
ഏഴരക്ക് കൂടുതുറക്കല്‍, കരിമരുന്ന് പ്രയോഗം, തിരുനടയ്ക്കല്‍ മേളം എന്നിവ നടക്കും. 12 ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തിച്ചേരും.
തിരുനാള്‍ ദിനമായ ഏഴിന് വെളുപ്പിന് രണ്ടുമുതല്‍ തുടര്‍ച്ചയായി ദിവ്യബലികളുണ്ടാകും. ഒമ്പതിന് ഇംഗ്ലീഷിലും മൂന്നിന് തമിഴിലുമായിരിക്കും ദിവ്യബലി. നാലിന് തിരുനാള്‍ പ്രദക്ഷിണവും കരിമരുന്ന് പ്രയോഗവുമുണ്ടാകും. എട്ടിന് ഏഴരക്ക് മരിച്ചവര്‍ക്കു വേണ്ടിയുള്ള അനുസ്മരണബലി സമര്‍പ്പിത സംഗമവും അഞ്ചിന് ഗാനമേളയുമുണ്ടാകും. 14 നാണ് എട്ടാമിട തിരുനാള്‍. 10 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബ്ബാനയെ തുടര്‍ന്ന് ഭണ്ഡാരം തുറക്കും. തിരുനാളിന്റെ ഭാഗമായി ദേവാലയത്തിന് കീഴിലുള്ള സാന്‍ജോസ് ആശുപത്രിയില്‍ സൗജന്യ ഒ.പി പ്രവര്‍ത്തനം ആരംഭിക്കും. സാന്‍ജോസ് കാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഡയാലിസിസ് നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പള്ളി വികാരി ജോസഫ് പൂവത്തൂക്കാരന്‍, മാനേജിംഗ് ട്രസ്റ്റി ടി.ടി ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ജെ ജെയിംസ്, സുബിരാജ് തോമസ്, വി.ജെ തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."