വിധവയുടെ പേരില്‍ വായ്പാ തട്ടിപ്പ്; പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച് പൊലിസ്
കൊല്ലം: കാവനാട് സ്വദേശിയായ വിധവയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്ത കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സഹായം പൊലിസ് ഒരുക്കുന്നതായി ആരോപണം. ഇതിനിടെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതോടെ അറസ്റ്റ് ഇനിയും വൈകാനാണ് സാധ്യത. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായതിനാല്‍ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലിസ്. അതേസമയം അറസ്റ്റ് ചെയ്യാതെ പ്രതികള്‍ക്ക് ജാമ്യഹര്‍ജി സമര്‍പ്പിക്കാനുള്ള അവസരമൊരുക്കി നല്‍കിയത് പൊലിസാണെന്നും ആക്ഷേപമുണ്ട്. സി.പി.എം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റിയംഗം എസ്. ശശിധരന്റെ ഭാര്യ ജയശ്രീയും മകളും ഉള്‍പ്പെടെയുള്ള പ്രതികളാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
തയ്യല്‍ തൊഴിലാളിയായ കാവനാട് കുരീപ്പുഴചേരി ശ്രീനഗര്‍ 52, കൊരട്ടവിള വീട്ടില്‍ ആമിനയാണ് പരാതിക്കാരി. ഇവരുടെ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് വായ്പ തട്ടിയെടുത്തു എന്നാണ് കേസ്. ശശിധരന്റെ ബന്ധുക്കളും ആമിനയും അടങ്ങുന്ന സംഘത്തിന് വിപഞ്ചിക കാഷ്യൂ യൂനിറ്റ് ആരംഭിക്കാന്‍ മൂന്നര വര്‍ഷം മുന്‍പ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശക്തികുളങ്ങര ശാഖ 9.5 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം 25ന് വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് ആമിനയെ വിളിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2014 ല്‍ തയ്യല്‍ തൊഴിലാളികള്‍ക്കുള്ള വ്യക്തിഗത വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ശശിധരന്റെ ഭാര്യ ജയശ്രീ ആമിനയില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയിരുന്നു. ഇവയുടെ പകര്‍പ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.തട്ടിപ്പില്‍ ബാങ്ക് ജീവനക്കാരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലിസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."