ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പുപൊട്ടി; ഒരു മാസമായി വെള്ളം പാഴാകുന്നു
ചേര്‍ത്തല: ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പുപൊട്ടി ജലം പാഴാകുന്നു. ഒരു മാസമായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നു പരാതി. ചേര്‍ത്തല-അരുക്കുറ്റി റോഡില്‍ കുപ്പിക്കവലയ്ക്കു വടക്കുവശം നഗരസഭ വനിതാ ഹോസ്റ്റലിനു സമീപമാണു കുടിവെള്ള വിതരണ പൈപ്പുപൊട്ടി ജലം റോഡിലാകെ പരന്നൊഴുകുന്നത്.
ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ മാക്കേക്കടവിലുള്ള ശുദ്ധീകരണ ശാലയില്‍നിന്നും ചേര്‍ത്തല ടൗണില്‍ വിതരണനത്തിനു കൊണ്ടുപോകുന്ന പ്രധാന പൈപ്പിലാണു ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. ഇവിടെ പല ആവര്‍ത്തി മുന്‍പും പൈപ്പ് പൊട്ടിയിട്ടുണ്ട്. ശുദ്ധീകരണ ശാലയില്‍ നിന്നും പമ്പിങ് നടത്തുന്ന സമയത്താണ് ധാരാളം വെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഉദേശം 50 മീറ്ററോളം ദൂരത്തില്‍ വെള്ളം റോഡില്‍ തളം കെട്ടി നില്‍ക്കുകയാണ്.
നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒടുവില്‍ പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലറെ കൊണ്ടു നാട്ടുകാര്‍ വിവരം ധരിപ്പിച്ചെങ്കിലും പൊട്ടിയ പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ എത്തിയില്ല.
റോഡില്‍ വലിയ ഭാരമുള്ള വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദത്തില്‍ റോഡിനു താഴെയുള്ള പൈപ്പിന്റെ ജോയന്റില്‍ അകല്‍ച്ചയുണ്ടാകുന്നതാണു തകരാറിനു കാരണമെന്നു പറയപ്പെടുന്നു.
റോഡ് പൊളിച്ചുവേണം തകരാര്‍ പരിഹരിക്കാന്‍. അതിനുകാലതാമസം നേരിടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശക്തമായ വേനല്‍ ചൂടില്‍ നാട്ടിലെ പാരമ്പര്യ ജല ശ്രോതസുകള്‍ വറ്റിവരണ്ട് കുടിനീരിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ഒരു മാസമായി ദിവസേന പതിനായിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലമാണ് ഇവിടെ പാഴായികൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."