സുരക്ഷിത നടപ്പാത വേണം പുതിയേടത്തുപറമ്പ് പുളിശ്ശേരി കല്ലുവെട്ടിപ്പുറായ് പ്രദേശവാസികള്‍ക്ക്
കൊണ്ടോട്ടി: വയലിനു മധ്യത്തിലെ നടവരമ്പ് വെള്ളം മൂടി തകര്‍ന്നു. തോടരികിന്റെ കരിങ്കല്ല് കെട്ട് നിര്‍മാണം പാതിവഴിയില്‍. ഒളവട്ടൂര്‍ പുതിയേടത്തുപറമ്പ് പുളിശ്ശേരി കല്ലുവെട്ടിപ്പുറായ് ഭാഗത്തെ പ്രദേശവാസികള്‍ക്ക് ഭീതിയും ദുരിതവുമില്ലാതെയുള്ള നടപ്പാതക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
മഴക്കാലത്തും വേനല്‍ക്കാലത്തും വയലുകള്‍ക്ക് നടുവിലൂടെയുളള വരമ്പിലൂടെയാണ് ഇവിടുത്തുകാരുടെ സഞ്ചാരം. ഒളവട്ടൂര്‍ തടത്തില്‍പറമ്പ് ഹൈസ്‌കൂള്‍, ഓര്‍ഫനേജ്, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍, അരൂര്‍ യു.പി സ്‌കൂള്‍, മുസ്‌ലിം പള്ളി, ക്ഷേത്രം, പ്രധാന അങ്ങാടി എന്നിവിടങ്ങളിലെല്ലാം എത്തുന്നതിന് നാട്ടുകാര്‍ക്കുളള ഏക ആശ്രയമാണ് നടവരമ്പും തോടരികും. രണ്ടും കാല്‍നടക്കാര്‍ക്ക് ദുര്‍ഘടമായിരിക്കുകയാണ്.
മഴക്കാലമെത്തിയതോടെ നടവരമ്പ് വെള്ളത്തില്‍ മുങ്ങുകയാണ്. മാത്രവുമല്ല വരമ്പ് പഴയ വീതിയില്‍ ഇപ്പോഴില്ലെന്നും നാട്ടുകാര്‍ പറയുന്നു. പുളിക്കല്‍ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്.
പ്രദേശത്ത് മരണപ്പെട്ടവരുടെ മയ്യിത്ത് വരെ കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലമായതിനാല്‍ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. സമീപത്തെ പഞ്ചായത്ത് കുളം മുതല്‍ ചോലക്കരവരെയുള്ള തോട് നവീകരണവും പാതി വഴി നിലച്ചത് നാട്ടുകാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. മേഖലയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനങ്ങളുമായി എത്തുന്നവര്‍ പിന്നീട് പ്രദേശത്തിന്റെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുളളവര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."