രണ്ടു കിലോമീറ്ററിനപ്പുറം രാഹുല്‍ ഭായ്
എരുമാട്: വയനാടന്‍ അതിര്‍ത്തിഗ്രാമങ്ങളായ ചുള്ളിയോട്ടും താളൂരും സി.പി.എം പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിക്കാന്‍ കൊണ്ടുപിടിച്ച ഓട്ടത്തിലാണ്. കോണ്‍ഗ്രസുകാരും അതേ വീറും വാശിയിലും. വയനാട്ടില്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം പൊരുതുമ്പോള്‍ മണ്ഡലാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ യെച്ചൂരിയുടെയും രാഹുലിന്റെയും ചിത്രമച്ചടിച്ച ബാനറുമായി ഇരുപാര്‍ട്ടികളും പൊതുസ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് പിടിക്കുകയാണ്.
വയനാട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അപ്പുറമാണ് തമിഴ്‌നാട്ടിലെ നീലഗീരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമാട്. കഴിഞ്ഞ ദിവസം ഡി.എം.കെ സ്ഥാനാര്‍ഥി എ രാജക്ക് വോട്ടഭ്യര്‍ഥിക്കുന്ന പ്രചാരണയോഗം ഇവിടെ നടന്നു. സി.പി.എം പ്രാദേശിക നേതാക്കളായിരുന്നു യോഗത്തിന്റെ സംഘാടകര്‍.
സമ്മേളനത്തിലെ മുഖ്യപ്രാസംഗികന്‍ സി.പി.എം കേന്ദ്രകമ്മറ്റിയംഗം എ.കെ പദ്മനാഭന്‍ ആയിരുന്നു. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊടികളൊന്നിച്ച് വേദിക്ക് മുന്‍പില്‍ കെട്ടിയിരിക്കുന്നു. ഒപ്പം മുസ്‌ലിം ലീഗിന്റെ കൊടിയുമുണ്ട്. ബാനറില്‍ ചേര്‍ന്നിരിക്കുന്ന യെച്ചൂരിയും രാഹുലും സ്റ്റാലിനും മറ്റ് മുന്നണി നേതാക്കളും.
സ്വാഗത, അധ്യക്ഷ പ്രഭാഷകരായ സി.പി.എം നേതാക്കള്‍ രാഹുലിനെക്കുറിച്ചോ കോണ്‍ഗ്രസിനെക്കുറിച്ചോ കാര്യമായൊന്നും പറയാതെയാണ് സംസാരിച്ചത്. പക്ഷേ പിന്നീട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ഷാജി കല്ലുങ്കല്‍ സഖ്യത്തെപ്പറ്റി തുറന്നുതന്നെ പറഞ്ഞു. 'ചിലര്‍ക്കെല്ലാം അത്ഭുതമായിരിക്കാം ഈ വേദിയില്‍ കൂട്ടിക്കെട്ടിയിരിക്കുന്ന കൊടികള്‍. പരസ്പരം യോജിക്കാത്തവരുടേതാണോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമല്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ സാഹചര്യമനുസരിച്ച് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരിക്കും. അതൊന്നും ചര്‍ച്ച ചെയ്യേണ്ട വേദിയല്ല ഇത് -എന്നായിരുന്നു ഷാജി കല്ലിങ്കലിന്റെ വിശദീകരണം.
അതിനു ശേഷം ജനാധിപത്യ പുരോഗമനമുന്നണി നേതാക്കള്‍ തമിഴിലും മലയാളത്തിലും മാറി മാറി എ രാജയ്ക്ക് വോട്ടഭ്യര്‍ഥിച്ചു. പിന്നീട് സംസാരിച്ച സി.പി.എം കേന്ദ്രകമ്മറ്റി അംഗം എ.കെ പദ്മനാഭന്‍ പക്ഷെ കോണ്‍ഗ്രസ് നേതാവിനെപ്പോലെ ആയിരുന്നില്ല. അല്‍പ്പം കരുതലോടെയാണ് അദ്ദേഹം സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."