കൊവിഡ്: ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ പരിശോധന മാത്രം
കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ വീണ്ടും മാറ്റം
സാമൂഹിക അകലം പാലിച്ച് തൊഴില്‍ അഭിമുഖങ്ങള്‍ നടത്താം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. രോഗം സ്ഥിരീകരിച്ച് കൊവിഡ് ആശുപത്രികളിലോ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളിലോ ചികിത്സയിലുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ പരിശോധന മതിയെന്നാണ് തീരുമാനം.
പി.സി.ആര്‍ പരിശോധന നടത്തിയായിരുന്നു ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഇതു രണ്ടാം തവണയാണ് സംസ്ഥാനം ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുന്നത്. നേരത്തെ രണ്ടു തവണ പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ചായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. പിന്നീട് രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഒരു പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് മതിയെന്ന് തീരുമാനത്തിലെത്തി. ഇപ്പോള്‍ ആന്റിജന്‍ പരിശോധന മാത്രമായി മതി എന്ന നിലയിലെത്തി.
ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പൊസിറ്റീവ് റിസള്‍ട്ടിന് 10 ദിവസത്തിനു ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്താം. ഇതില്‍ നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാം.
ഇതിനു ശേഷം ഏഴു ദിവസം സമ്പര്‍ക്കവിലക്ക് പാലിക്കണം. പൊതുസ്ഥലങ്ങളില്‍ പോകുകയോ ആളുകളുമായി ഇടപെടുകയോ ചെയ്യരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിര്‍ദേശം. നേരിയ രോഗലക്ഷണം മാത്രമുള്ളവരാണെങ്കിലും ഇതു തന്നെയായിരിക്കും പ്രോട്ടോക്കോള്‍. കാറ്റഗറി ബിയില്‍ പെട്ട കാര്യമായ രോഗലക്ഷണം കാണിക്കുന്ന രോഗികളാണെങ്കില്‍ ആദ്യത്തെപൊസിറ്റീവ് റിസള്‍ട്ട് വന്ന് 14 ദിവസത്തിനു ശേഷം പരിശോധന നടത്തും.
നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാം. അതേസമയം, സംസ്ഥാനത്ത് നടക്കുന്ന തൊഴില്‍ അഭിമുഖങ്ങളും മറ്റും സാമൂഹിക അകലം പാലിച്ചു നടത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഹോള്‍സെയില്‍, റീട്ടെയില്‍ മാര്‍ക്കറ്റുകളില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.
സര്‍ക്കാരിന്റെയും പൊലിസിന്റെയും നിര്‍ദേശങ്ങളനുസരിക്കാത്ത കടയുടമകള്‍ക്കെതിരേ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അറസ്റ്റും പ്രോസിക്യൂഷനും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. നിയമലംഘനം നടത്തുന്ന കടകള്‍ അടച്ചുപൂട്ടും. കോവിഡ് ബാധിതരാകുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കാവശ്യമായ അടിയന്തിരചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും സംസ്ഥാന പൊലിസ് മേധാവിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങങ്ങളില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുണ്ടെങ്കില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അവരെ സൗകര്യപ്രദമായി മാറ്റണം. ഇവിടങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനാവാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷണമെത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."