'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം: ശശി തരൂരിനെതിരേ കൊല്‍ക്കത്ത ഹൈക്കോടതി കേസെടുത്തു
കൊല്‍ക്കത്ത: ഇന്ത്യയെ 'ഹിന്ദു പാകിസ്താന്‍' ആക്കാന്‍ ശ്രമിക്കുന്നുവെന്ന ശശി തരൂര്‍ എം.പിയുടെ പരാമര്‍ശത്തിനെതിരായ കേസ് കൊല്‍ക്കത്ത ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. രാജ്യത്തെ അപമാനിച്ചു, മതവികാരം വ്രണപ്പെടുത്തി, രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ശശി തരൂരിനെതിരെ കേസ്.
കൊല്‍ക്കത്തയിലെ അഭിഭാഷകന്‍ സുമീത് ചൗധരിയാണ് ശശി തരൂരിനെതിരെ കേസ് ഫയല്‍ ചെയ്തത്. ഓഗസ്റ്റ് 14ന് കോടതിയില്‍ ഹാജരാവണമെന്ന് കോടതി ശശി തരൂരിന് സമന്‍സ് അയക്കുകയും ചെയ്തു.
2019 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുചെയ്യുകയാണെങ്കില്‍ അത് 'ഹിന്ദു പാകിസ്താനി'ലേക്കുള്ള ഓട്ടമായിരിക്കുമെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. ഇത് വിവാദമായെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.
ശശി തരൂര്‍ ഇക്കാര്യത്തില്‍ മാപ്പു പറയാന്‍ പോലും തയ്യാറായില്ലെന്നും ചൗധരി ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഗീയ ചേരിതിരിവുണ്ടാക്കി വലിയ സംഘര്‍ഷമുണ്ടാക്കാനും അസാമാധാനത്തിനുമാണ് ശശി തരൂര്‍ ശ്രമിക്കുന്നത്. പാകിസ്താന്‍ പോലെയുള്ള ഇസ്‌ലാമിക് രാജ്യവുമായി ഇന്ത്യയെ ഉപമിക്കുന്നതിലൂടെ ഇന്ത്യക്കാരെ ശശി തരൂര്‍ അപമാനിച്ചുവെന്നും ചൗധരി ഹരജിയില്‍ പറഞ്ഞു.
ശശി തരൂര്‍ പറഞ്ഞത്
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ നാം കരുതിന്നതു പോലെ തന്നെ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം നിലനില്‍ക്കുകയില്ല. നിലവിലുള്ള ജനാധിപത്യ ഭരണഘടനയെ അവര്‍ തകര്‍ക്കുമെന്നും പുതിയത് നിര്‍മ്മിക്കാനും ആവശ്യമായ എല്ലാ സാധ്യതകളും ബി.ജെ.പിയെന്ന വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കൈവശം ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ ഭരണഘടനയാവും ബി.ജെ.പി പുതിയതായി നിര്‍മ്മിച്ചെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രാജ്യത്തെ സമത്വം ഇല്ലാതാക്കും. ഒരു ഹിന്ദു പാകിസ്താനെ സൃഷ്ടിക്കും. ഇത്തരമൊരു സ്ഥിതിയിലേക്ക് എത്തുന്നതിന് വേണ്ടിയല്ല മഹാത്മഗാന്ധിയും നെഹ്‌റുവുമൊന്നും പോരാടിയതെന്നും തരൂര്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നതിനെക്കാള്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ പ്രചരണയോഗങ്ങളിലാണ് താത്പര്യമെന്നും അദ്ദേഹം തുറന്നടിച്ചു.
നിലപാടില്‍ ഉറച്ച് ശശി തരൂര്‍
പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാല എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും പറഞ്ഞതില്‍ ശശി തരൂര്‍ ഉറച്ചുനിന്നിരുന്നു. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നേതാക്കള്‍ നിയന്ത്രണവും ഉത്തരവാദിത്തവും പാലിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇനിയും അതുതന്നെ പറയുമെന്നും അദ്ദേഹം വീണ്ടും തറപ്പിച്ചു പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലും പിന്നീട് ചാനല്‍ പരിപാടികളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ലേഖനങ്ങളിലും തരൂര്‍ ഇതേ നിലപാട് തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."