HOME
DETAILS
MAL
സി വിജില്‍ ആപ്പിലൂടെ ഇതുവരെ പരിഹരിച്ചത് 1334 പരാതികള്‍
backup
April 12 2019 | 06:04 AM
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ക്കുള്ള സി വിജില്‍ (സിറ്റിസണ്‍സ് വിജില്‍) എന്ന ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ പരിഹരിച്ചത് 1334 പരാതികള്‍. ഇന്നലെ ഉച്ചവരെയുള്ള കണക്കാണിത്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റര്‍, ബാനര്‍, കൊടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു സി വിജിലിലൂടെ ലഭിച്ച പരാതികളില്‍ ഏറെയും.
സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ അനുവാദമില്ലാതെ സ്ഥാപിച്ച പോസ്റ്റര്‍, കൊടികള്‍ എന്നിവയ്‌ക്കെതിരേയും പരാതികളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാല്‍ അത് മൊബൈല്‍ ഫോണ്‍ കാമറയില്‍ ഫോട്ടോയോ വീഡിയോയോ ആയി പകര്‍ത്തി സി വിജില്‍ ആപ്പ് വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് സന്ദേശം അതാത് നിയമസഭാ മണ്ഡലം സ്‌ക്വാഡുകള്‍ക്കു കൈമാറും. സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടന്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചു ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്‌ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുനിക് ഐ.ഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ വോട്ടര്‍ക്കും കഴിയും. ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
മൊബൈല്‍ ഫോണില്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും വിധമാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ചട്ടലംഘനം നടന്ന സ്ഥലത്ത് നേരിട്ടുപോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ഈ ആപ്പ് വഴി അയക്കാന്‍ സാധിക്കൂ. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജമായ പരാതികള്‍ ഒഴിവാക്കാന്‍ കഴിയും. തുടര്‍ച്ചയായി അഞ്ചുമിനിറ്റു മാത്രമേ ഈ ആപ്പ് പ്രവര്‍ത്തിക്കുകയുള്ളു. അഞ്ചുമിനുട്ട് കഴിഞ്ഞാല്‍ ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കും. വീണ്ടും ആപ്പ് തുറന്നു പരാതി അഞ്ചു മിനുറ്റില്‍ ഒതുക്കി പകര്‍ത്തി അയക്കേണ്ടി വരും. സി വിജില്‍ ആപ് പ്ലേ സ്റ്റോറില്‍ ലഭിക്കും.
മറ്റുതരത്തിലുള്ള തെരഞ്ഞെടുപ്പ് പരാതികള്‍ 04994 255825, 04994 255676 എന്നീ നമ്പറുകളിലാണ് വരുന്നത്. ഈ പരാതികളിലും ഉടന്‍തന്നെ നടപടി സ്വീകരിക്കും. വോട്ടേഴ്‌സിനുള്ള സഹായത്തിനായി 1950 എന്ന നമ്പറിലേക്കും വിളിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."