നന്മണ്ട കരിങ്കല്‍ ക്വാറി: പ്രദേശവാസികള്‍ ഭീതിയില്‍
ബാലുശ്ശേരി: നന്മണ്ട ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ കരിങ്കല്‍ ക്വാറി പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറിയിലെ ഖനനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല.
നാഷനല്‍ സ്കൂള്‍-കുട്ടമ്പൂര് റോഡരികിലാണു ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറിക്കു സമീപത്തുള്ള കൈപ്രംമല, കാപ്പുമല നിവാസികള്‍ക്കാണു ക്വാറിയുടെ പ്രവര്‍ത്തനംമൂലം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ക്വാറി പ്രവര്‍ത്തിക്കരുതെന്നാണു നിയമമെങ്കിലും ഇവിടെ അതൊന്നും ബാധകമല്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
ഇവിടെ പ്രത്യേക തരത്തിലുള്ള ചുടുകാറ്റു വീടികളിലേക്കു വീശുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു.
പാറ പൊട്ടുമ്പോഴുള്ള ശബ്ദവും കമ്പനവും വെടി മരുന്നിന്റെ ഗന്ധവും ചെറിയ കുട്ടികളില്‍ കേള്‍വിക്കുറവ്, ആസ്തമ തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്നതായും പരാതിയുണ്ട്. ഗര്‍ഭിണികളും ഇതിന്റെ പാര്‍ശ്വഫലം അനുഭവിക്കുകയാണെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."