ജില്ലാ മെഡിക്കല്‍ ഓഫിസ് കല്‍പ്പറ്റയിലേക്ക് മാറ്റാന്‍ നീക്കം
മാനന്തവാടി: മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫിസ് കല്‍പ്പറ്റയിലേക്ക് മാറ്റാന്‍ വീണ്ടും ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. മുന്‍പ് ഇത്തരത്തില്‍ നീക്കമുണ്ടായതിനെ തുടര്‍ന്ന് യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും തുടര്‍ന്ന് താല്‍ക്കാലികമായി നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഹെല്‍ത്ത് ഡയറക്ടര്‍ യോഗത്തിലെടുത്ത തീരുമാനത്തിന്റെ മിനുട്‌സ് കഴിഞ്ഞ ദിവസം ജില്ലാമെഡിക്കല്‍ ഓഫിസിലെത്തിയിട്ടുണ്ടെന്നാണ് വിവരം. മൂന്ന് മാസം മുന്‍പ് അഡീഷണല്‍ ഹെല്‍ത്ത് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗത്തിലായിരുന്നു ഡി.എം.ഒ ഓഫിസ് മാറ്റാന്‍ തീരുമാനിക്കുകയും മിനുട്ട്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തത്. ആ യോഗത്തില്‍ വയനാടിനെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥനാണ് ഓഫിസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
ആ വിവരം പുറത്ത് വന്നതോടെ യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് ഓഫിസ് മാറ്റില്ലെന്ന് അധികൃതര്‍ രേഖാമൂലം വാക്ക് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചാണ് ഇപ്പോള്‍ ഓഫിസ് മാറ്റാനുള്ള നടപടിക്രമങ്ങള്‍ അതീവ രഹസ്യമായി പൂര്‍ത്തിയാക്കുന്നത്. ഓഫിസ് പ്രവര്‍ത്തനത്തിന്റെ അസൗകര്യവും കല്‍പ്പറ്റയിലേക്ക് മാറ്റിയാല്‍ ഇന്ധന ചിലവ് കുറക്കാമെന്ന ന്യായമാണ് ഉന്നിയിക്കുന്നത്. അതേസമയം താലൂക്ക് വികസന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വരികയും പുതിയ കെട്ടിടം വരുന്നതുവരെ സൗകര്യമായ സ്ഥലം മാനന്തവാടിയില്‍ കണ്ടെത്തി ഓഫിസ് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഈ തീരുമാനങ്ങളെയെല്ലാം അട്ടിമറിച്ചാണ് ഓഫിസ് മാറ്റുന്നത്. ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ആശുപത്രിയിലുണ്ടാവുന്ന നിസാര അശ്രദ്ധകള്‍ പോലും വളരെ വേഗത്തില്‍ മെഡിക്കല്‍ ഓഫിസിലെത്തിക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ് ഉദ്യഗസ്ഥര്‍ക്ക് വിനയാകുന്നത്. അതോടൊപ്പം ജില്ലക്ക് പുറത്തി നിന്നെത്തുന്ന ജീവനക്കാര്‍ക്ക് കല്‍പ്പറ്റയിലാക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണെന്നതും ഓഫിസ് മാറ്റത്തിന് ജീവനക്കാര്‍ മുന്‍കൈയെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓഫിസ് മാറ്റുന്നതിലൂടെ ഏറ്റവും അധികം നഷ്ടം സംഭവിക്കുക നഗരസഭക്കാണ്.
തൊഴില്‍ നികുതി ഇനത്തില്‍ പതിനായിരക്കണക്കിന് രൂപയാണ് നഗരസഭക്ക് ലഭിച്ചിരുന്നത്. ഇത് പൂര്‍ണമായും നിലക്കും.
എന്നാല്‍ യാതൊരു കാരണവശാലും ഓഫിസ് മാറ്റം അനുവദിക്കില്ലെന്ന നിലപാടിലാണ് സ്ഥലം എം.എല്‍.എ. ഒ ആര്‍ കേളു. ഓഫിസ് മാറ്റത്തിനെതിരേ വിവിധ യുവജന സംഘടനകള്‍ പ്രക്ഷോഭത്തിന് തയാറെടുക്കുന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."