താലൂക്ക് ആശുപത്രിയില്‍ 'വെള്ളം കളി'
തിരൂരങ്ങാടി: താലൂക്ക് ആശുപത്രി വളപ്പില്‍ വെള്ളക്കെട്ട്. ജനം ദുരിതത്തില്‍. മഴകനത്തതോടെയാണ് മാതൃശിശു പരിപാലന കേന്ദ്രത്തിനുമുമ്പിലെ പ്രധാന വഴിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതോടെ കാല്‍നടയാത്ര ഏറെ ദുഷ്‌കരമായി. ഡയാലിസിസ് സെന്റര്‍, പാലിയേറ്റിവ് സെന്റര്‍, എക്‌സ്‌റേ, ലബോറട്ടറി, പേവാര്‍ഡ്, കാന്റീന്‍ എന്നിവ ഇതിന് തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. രോഗികളെ ഇതുവഴിയാണ് വീല്‍ചെയറിലും സ്റ്റെച്ചറിലും കൊണ്ടുപോകാറുള്ളത്. മഴപെയ്താല്‍ ഒരടിയോളം ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുംമറ്റും വെള്ളം തടസ്സമാകുന്നുണ്ട്.
ആശുപത്രി മുറ്റം ഇന്റര്‍ലോക്ക് പതിച്ചതോടെയാണ് പ്രധാന വഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത്. വെള്ളം വഴിതിരിച്ചു വിടാനുള്ള സംവിധാനം ഇവിടെയില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ചങ്ങല സ്ഥാപിച്ചതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് ഇതുവഴി മാത്രമേ ആശുപത്രിയില്‍ എത്താനും തിരിച്ചുപോകാനും സാധിക്കൂ. നിലവില്‍ സിമന്റ് കട്ടകള്‍ നിരത്തി താല്‍ക്കാലിക നടപ്പാത നിര്‍മിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഫലമൊന്നുമില്ല. നിത്യേന രണ്ടായിരത്തോളം രോഗികളാണ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. ഇവിടെ കെട്ടിനില്‍ക്കുന്ന വെള്ളം കൊതുക് പെരുകാനും അവസരമൊരുക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാരും രോഗികളും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."