രാജ്യത്ത് നടക്കുന്നത് ഭരണഘടനയെ തകര്‍ക്കാനുള്ള ഏകാധിപത്യശ്രമം: ഹൈദരലി തങ്ങള്‍
ദേശമംഗലം (വാദി ഖുബാ): എന്ത് കഴിക്കണം എന്ത് ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാനുള്ള ഏകാധിപത്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍.
ശരീഅത്തിനെ ചോദ്യം ചെയ്യുന്ന പ്രവണതകള്‍ക്കെതിരേ സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം. തെറ്റിദ്ധാരണ പരത്തുമ്പോള്‍ ഏതാണ് ശരിയെന്ന് സമുദായത്തെ പഠിപ്പിച്ച് കൊടുക്കണം.
എല്ലാവര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവിടെ കഴിയും. തീവ്രവാദം പരിശുദ്ധ ഇസ്‌ലാമിനെതിരാണ്. തീവ്രവാദംകൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല.
തെറ്റിലേക്ക് പോകുമ്പോള്‍ തിരുത്താനുള്ള ശക്തി നമ്മുടെ മുന്‍ഗാമികള്‍ക്ക് ഉണ്ടായിരുന്നു. തെറ്റിനെ തെറ്റാണെന്ന് പറയാനുള്ള ധൈര്യം നാം കാണിക്കണം. മഹല്ലുതലത്തില്‍നിന്നുള്ള സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഉന്നത മത വിദ്യാഭ്യാസ തലങ്ങളില്‍ മാതൃകയാകുന്ന ചരിത്രമാണ് നമ്മുടേത്.
അത്തരം പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം. സാമൂഹിക ഉന്നമനത്തിന് മഹല്ല് തലത്തില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ സജീവമായി നടത്താന്‍ നാം മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."