നാലു വോട്ടിന് ദൈവങ്ങളെ ഉപയോഗിക്കരുതെന്ന് മുരളീധരന്‍; കോണ്‍ഗ്രസിന്റെ 'രാമായണ രാഷ്ട്രീയ'ത്തിന് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ബി.ജെ.പിക്കും സി.പി.എമ്മിനും പിന്നാലെ രാമായണം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസും രംഗത്ത്.
'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെ.പി.സി.സി വിചാര്‍ വിഭാഗമാണ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്.
മാസാചരണത്തിന്റെ ഉദ്ഘാടനം കര്‍ക്കിടകം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ശശി തരൂര്‍ എം.പിയാണ് മുഖ്യപ്രഭാഷകന്‍. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ളതാണ് പരിപാടിയെന്ന് കെ.പി.സി.സി വിചാര്‍ വിഭാഗ് വ്യക്തമാക്കി. ഡോ. നെടുമുടി ഹരികുമാറാണ് വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍.
എന്നാല്‍ രാമായണ മാസാചരണ പ്രഖ്യാപനം വന്നതിനുപിന്നാലെ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ രംഗത്തെത്തി. നാല് വോട്ടിനായി ദൈവങ്ങളെ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നത് ശരിയല്ല. ബി.ജെ.പിയെ നേരിടാന്‍ സ്വീകരിക്കേണ്ട മാര്‍ഗം ഇതല്ല. രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അവിശ്വാസികളും പാര്‍ട്ടിയിലുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം അനുഭാവികള്‍ ഉള്‍പ്പെട്ട സംസ്‌കൃത സംഘം രാമായണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് നേരത്തേ വിവാദമായിരുന്നു.
വിമര്‍ശനം രൂക്ഷമായതോടെ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തി. രാമായണ മാസാചരണ പരിപാടികളുമായി സി.പി.എമ്മിന് ബന്ധമില്ലെന്നാണ് കോടിയേരി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."