സിറിയ: സഊദി നിലപാടില്‍ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി
റിയാദ്: സിറിയന്‍ പ്രശ്നത്തില്‍ അല്‍പ്പം പിന്നോട്ട് പോയ റഷ്യയുമായി സഊദി തങ്ങളുടെ നിലപാട് വീണ്ടും ശക്തമായി പ്രഖ്യാപിച്ചു. റഷ്യയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഊദി വിദേശ കാര്യ മന്ത്രി സഊദി നയം നേരത്തേയുള്ളതില്നിന്നു മാറ്റില്ലെന്നു പ്രഖ്യാപിച്ചത്.
സിറിയയില്‍ നിലവിലെ പ്രസിഡന്റ് ബശാറുല്‍ അസദ് സ്ഥാനമൊഴിയുകയെന്ന സഊദിയുടെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും മുന്നില്വയ്ക്കുന്നതെന്നു സഊദി വ്യക്തമാക്കി. ഖാന് ശൈഖൂനില്‍ രാസായുധ പ്രയോഗം നടത്തിയതിന് സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് വില നല്‍കണമെന്നും സഊദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
തങ്ങളുടെ പക്കല്‍ രാസായുധമില്ലെന്ന് സിറിയന്‍ ഭരണകൂടം തെളിയിക്കണം. സിറിയന്‍ ഭരണകൂടം പലതവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ട്. സിറിയയുടെ ഭാവിയില്‍ ബശാര്‍ അല്‍അസദിന് സ്ഥാനമില്ല. ഹിസ്ബുല്ലയെ ലോകത്ത് എവിടെയും സ്വാധീനമുറപ്പിക്കുന്നതിന് അനുവദിക്കില്ല. മേഖലയില്‍ ഇറാന്റെയും ഹിസ്ബുല്ലയുടെയും ഇടപെടലുകള്‍ക്ക് അന്ത്യമുണ്ടാക്കാനാണ് സഊദിയുടെ ശ്രമം. സിറിയന്‍ പ്രശ്നത്തില്‍ റഷ്യയുടെയും സഊദി അറേബ്യയുടെയം നിലപാടുകള്‍ തമ്മില്‍ അന്തരമുണ്ട്. എങ്കിലും പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ഒരുമിച്ച് ശ്രമിച്ചുവരികയാണ്. എന്നാല്‍, സിറിയന്‍ ഭരണകൂടം ക്ഷണിച്ചതു പ്രകാരമാണ് റഷ്യയും ഇറാനും സിറിയയില്‍ സൈനികമായി ഇടപെടുന്നതെന്നു റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്റോ പറഞ്ഞു.
ഹിസ്ബുല്ലയെ ഭീകരസംഘടനയായി റഷ്യ കാണുന്നില്ലെന്നും വിദേശ മന്ത്രി പറഞ്ഞു. സിറിയന്‍ സംഘര്‍ഷം അടക്കം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സഊദിക്കും റഷ്യക്കും വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."