പാലത്തായി പീഡനം: ജിദ്ദയിൽ അമ്മമാരുടെ പ്രതിഷേധം
ജിദ്ദ: പാലത്തായിലെ ഇരക്കു നീതി ലഭിക്കും വരെ അഹോരാത്രം പ്രയത്നം തുടരുമെന്ന് പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം ജിദ്ദയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലത്തിലെ ഒരു പിഞ്ചോമനയ്ക്ക് നീതി നൽകാൻ കഴിയാത്തതിനു പുറമെ അതിനോട് നിസ്സംഗത പുലർത്തുന്ന ശിശുക്ഷേമ മന്ത്രിയുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും പിഞ്ചു ബാലികയായ ഇരനൽകിയ രഹസ്യമൊഴി പരസ്യമാക്കിയ ഐ.ജി.ശ്രീജിത്തിൻ്റെ നടപടി ഗുരുതരമായ കൃത്യവിലോപവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും അനാദരവുമാണെന്നും യോഗം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്നെതിരെ നടപടി സ്വീകരിക്കുകയും കേസന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം പ്രസിഡന്റ് സുഹറ ബഷീർ അധ്യക്ഷത വഹിച്ചു.
സലീന മുസാഫിർ, അനീസ ബൈജു, സിമി മോൾ, ഫർസാന യാസിർ, മുംതാസ് വി, റുക്‌സാന മൂസ്സ, ഷിജി രാജീവ്, നജാത്ത് സക്കീർ, റജീന നൗഷാദ്, സൽമ ഹാഷിംജി, ബുഷ്‌റ റിജോ, സകീന ഓമശ്ശേരി, സോഫിയ സുനിൽ, വിദ്യാർത്ഥികളായ അമൽ, മറിയം സുഹ എന്നിവർ സംസാരിച്ചു. മുതിർന്ന വിദ്യാർത്ഥിനികളുടെ പ്രതിഷേധ സ്കിറ്റും കൊച്ചു വിദ്യാർത്ഥികളുടെ പ്രതിഷേധ പ്ലക്കാർഡുകളുടെ അകമ്പടിയോടെ ഷഹർബാനു നൗഷാദ് അവതരിപ്പിച്ച കവിതയും ശ്രദ്ധേയമായി. ജിദ്ദയിലെ നൂറുക്കണക്കിനു അമ്മമാർ പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ മുഹ്സിന നജ്മുദ്ധീൻ സ്വാഗതവും ലത്തീഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."