സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് വനിത ഉള്‍പ്പെടെ പുതിയ സാരഥികള്‍
കൊണ്ടോട്ടി:പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുളള പുതിയ സംസ്ഥാന ഹജ്ജ് കമ്മിറ്റി അടുത്ത മാസം 12ന് നിലവില്‍ വരും. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥമായി ഒരുവനിതയും പുതിയ ഹജ്ജ് കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. യു.ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കോട്ടുമല ടി.എം ബാപ്പുമുസ്്‌ലിയാര്‍ ചെയര്‍മാനായുളള ഹജ്ജ് കമ്മിറ്റിയുടെ കാലാവധിയാണ് ഓഗസ്റ്റ് 11ന് അവസാനിക്കുന്നത്. ബാപ്പുമുസ്്‌ലിയാരുടെ വേര്‍പ്പാടിന് ശേഷം ഒന്നരവര്‍ഷമായി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവിയാണ് ചെയര്‍മാന്‍ സ്ഥാനത്തുളളത്.
മൂന്ന് വര്‍ഷമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ 16 പേരാണ് ഹജ്ജ് കമ്മിറ്റിയിലുണ്ടാവുക. മൂന്ന് മതപണ്ഡിതര്‍,അഞ്ച് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, രണ്ടു എം.എല്‍.എമാര്‍,ഒരു എം.പി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്നിങ്ങനെയാണ് മെമ്പര്‍മാരെ കണ്ടെത്തുക. ഇവരില്‍ നിന്നാണ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. ഹജ്ജ് കമ്മിറ്റി അംഗമാണെങ്കിലും ജില്ലാകലക്ടര്‍ക്ക് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വോട്ടിനുളള അവകാശമില്ല.
ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, സി.മുഹമ്മദ് ഫൈസി,കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി,എച്ച്.മുസമ്മില്‍ ഹാജി,പി.വി.അബ്ദുള്‍ വഹാബ് എം.പി, എം.എല്‍.എ മാരായ മുഹ്‌സിന്‍, കാരാട്ട് റസാഖ് തുടങ്ങിയവര്‍ സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ഹജ്ജ് കമ്മിറ്റി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് പുറമെ ഹജ്ജ് കമ്മിറ്റിയില്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖയുടെ പേരും പരിഗണനാ ലിസ്റ്റിലുണ്ട്. ഇവര്‍ക്ക് ഹജ്ജ് കമ്മിറ്റിയില്‍ പ്രാതിനിധ്യം കിട്ടിയാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ ആദ്യവനിതാ അംഗമായിരിക്കും ഇവര്‍. നേരത്തെ മുഹ്‌സിന കിധ്വായ്, ഡോ.നജ്മ ഹിബത്തുളള തുടങ്ങിയവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ വനിതാ വളണ്ടിയറും ഹജ്ജ് വളണ്ടിയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2002 മുതലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനെ കമ്മിറ്റി അംഗങ്ങള്‍ തെരഞ്ഞെടുത്ത് തുടങ്ങിയത്.അതുവരെ വകുപ്പ് മന്ത്രിതന്നെയായിരുന്നു ചെയര്‍മാന്‍. പ്രഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ തെരഞ്ഞെടുത്ത ആദ്യ ചെയര്‍മാന്‍.സംസ്ഥാന സര്‍ക്കാര്‍ മാറിയാലും ഹജ്ജ് കമ്മിറ്റി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാണ് പുന:സംഘടിപ്പിക്കുക. എന്നാല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അഞ്ച് വര്‍ഷമാണ് കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."