പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന കേന്ദ്രം അടച്ചുപൂട്ടി
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ എസ്.സി- എസ്.ടി വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സര്‍വിസ് പരിശീലന കേന്ദ്രം അടച്ചുപൂട്ടിയതില്‍ പ്രതിഷേധം ശക്തമാകുന്നു. താമസ സൗകര്യവും ഭക്ഷണവും ഉള്‍പ്പടെ തീര്‍ത്തും സൗജന്യമായിട്ടായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഇവിടെ പരിശീലനം നേടിയവരാരും ഐ.എ.എസ് കരസ്ഥമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പട്ടിക ജാതി വികസന വകുപ്പ് ഡയരക്ടര്‍ സര്‍ക്കാരിന് കത്തയച്ചതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന് താഴ് വീണത്. ഒരു മാസമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല.
ഹൈടെക് ക്ലാസ് മുറികള്‍, 8,000 അധികം പുസ്തകങ്ങളുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറി , ടെലിവിഷന്‍ റൂം, കംപ്യൂട്ടര്‍ ലാബ് തുടങ്ങി പഠനത്തിനാവശ്യമായ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്ഥാപനമായിരുന്നു ഇത്. ഓരോ വര്‍ഷവും 60 കുട്ടികള്‍ക്കായിരുന്നു പ്രവേശനം. ഐ.എ.എസ് നേടിയില്ലെങ്കിലും കഴിഞ്ഞ 30 വര്‍ഷത്തിനിടെ പതിനഞ്ചോളം പേര്‍ ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആര്‍.എസ്, ഐ.ആര്‍.ടി.എസ്, ഐ.ഇ.എസ് തുടങ്ങിയ സര്‍വിസുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മറ്റു പരിശീലന സ്ഥാപനങ്ങളില്‍ വന്‍തുക ഫീസ് നല്‍കി പഠിക്കാന്‍ കഴിയാത്ത പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനം ഏറെ സഹായകരമായിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് വകുപ്പ് ഡയരക്ടര്‍ സ്ഥാപനം അടച്ചു പൂട്ടിയത്.
പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ ഡയരക്ടര്‍ തന്നെ അതിന് പാര പണിയുകയാണെന്നും ഇദ്ദേഹത്തിനെതിരേ ആട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്നും ദേശീയ ദലിത് ഫെഡറേഷന്‍ ഭാരവാഹികളായ ഡോ.കെ.എസ് മണി അഴീക്കോട്, ആര്‍.മുരളീധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."