വെങ്ങല്ലൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വന്‍ മോഷണം
തൊടുപുഴ: ആളില്ലാത്ത വീടുകുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണവും പണവും അപഹരിച്ചു. ശനിയാഴ്ച രാത്രി വെങ്ങല്ലൂരിലെ രണ്ടു വീടുകളിലാണ് മോഷണം നടന്നത്.
തെളിവു നശിപ്പിക്കുന്നതിനായി കള്ളന്‍മാര്‍ വീടിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തി. വെങ്ങല്ലൂര്‍ ആരവല്ലിക്കാവിനു സമീപം ചാത്താപ്പിള്ളില്‍ എം എ മണിയുടെ വീട്ടില്‍ നിന്നും 25 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
വീടിന്റെ രണ്ടാം നിലയിലുള്ള സ്റ്റീല്‍ അലമാരയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. ഗൃഹനാഥനും ഭാര്യയും ഇളയ മകളെ കാണാന്‍ അമേരിക്കയിലേക്ക് പോയതിനാല്‍ ഐരാപുരത്തുള്ള രണ്ടാമത്തെ മകളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടാമത്തെ മകളുടെ സ്വര്‍ണമാണ് നഷ്ടമായത്.
തൊട്ടടുത്ത് തന്നെ സാമസിക്കുന്ന മൂത്ത മകള്‍ ഞായറാഴ്ച ഉച്ചയോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്.
സമീപത്തു തന്നെയുള്ള ചെറുപറമ്പില്‍ അനൂപിന്റെ വീട്ടിലും മോഷണം നടന്നു. ഒന്നരലക്ഷം രൂപയും രണ്ട് പവന്റെ സ്വര്‍ണവുമാണ് അവിടെ നിന്നും അപഹരിച്ചത്.
അനൂപിന്റെ അമ്മ, സഹോദരിയുടെ വീട്ടിലും അനൂപും ഭാര്യയും ഭാര്യയുടെ വീട്ടിലും പോയിരിക്കുകയായിരുന്നു.
രണ്ട് വീടുകളിലും ഒരേ രീതിയില്‍ തന്നെയാണ് മോഷണം നടന്നത്. മുന്‍വശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മണിയുടെ വീട്ടില്‍ നിന്നും എടുത്ത ഒരു സോക്‌സ് അനൂപിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടു വീടുകളിലും താമസക്കാര്‍ ഇല്ലെന്നു മനസിലാക്കിയിരുന്നു മോഷണം.
സമീപത്തെ മറ്റ് വീടുകളിലൊന്നിലും മോഷണ ശ്രമം നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടുമില്ല. ഈ വീടുകള്‍ നിരീക്ഷിച്ച് അളില്ലായിരുന്നെന്നു ഉറപ്പുവരുത്തിയായിരുന്നു മോഷണം നടത്തിയത്.
തുടര്‍ച്ചായ മോഷണങ്ങള്‍ നടക്കുന്ന തൊടുപുഴയും പരിസര പ്രദേശങ്ങളും കള്ളന്‍മാരുടെ കേന്ദ്രമാകുകയാണ്.
ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് ഒട്ടുമിക്ക മോഷണങ്ങളും നടക്കുന്നത്.ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തൊടുപുഴയില്‍ ഏഴു വീടുകളില്‍ മോഷണവും മോഷണശ്രമങ്ങളും നടന്നിരുന്നു.
തമിഴ്‌നാട് തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ള സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്.
സമാനമായ രീതിയില്‍ സമീപകാലത്തായി മോഷണങ്ങള്‍ തൊടുപുഴയില്‍ പെരുകുകയാണ്. പോലിസ് ഹെല്‍മെറ്റും, സീറ്റ്‌ബെല്‍റ്റ് പരിശോധനമാത്രം നടത്തുന്നുവെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
തൊടുപുഴ കേന്ദ്രീകരിച്ച് വന്‍ മോഷണസംഘം എത്തിയതായാണ് പൊലിസ് പറയുന്നത്. എന്നാല്‍ കാര്യമായ അന്വേഷണങ്ങളൊന്നും കേസുകളില്‍ നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."