ദേശീയപാതയോരത്ത് ഓവുചാല്‍ നിര്‍മിക്കാന്‍ ഇനിയും കാത്തിരിക്കണം
തുറവൂര്‍: ദേശീയപാതയോരത്ത് കോടംതുരുത്തില്‍ കൂടുതല്‍ സ്ഥലത്തേക്ക് ഓവുചാല്‍ നീട്ടാന്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊതുമരാമത്തിന്റെ അനുമതി ലഭിച്ചില്ല. ഇത് കാരണം മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ കെട്ടിക്കിടക്കുകയാണ്. എറണാകളം ഭാഗത്തെക്കുള്ള രണ്ടുവരിപ്പാതയുടെ പകുതിയോളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍പ്പെട്ട് നിരവധി വാഹനാപകടങ്ങളാണ് നടക്കുന്നത്.
റോഡിന്റെ നിര്‍മാണ സമയത്ത് പടിഞ്ഞാറെ ഭാഗത്ത് കുറച്ച് സ്ഥലത്ത് കാന പണിതെങ്കിലും അതില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം പൊതുജലാശയങ്ങളിലെക്കൊന്നും ഒഴുക്കി കളയാന്‍ മാര്‍ഗമില്ല. ഇത് തിരിച്ചറിഞ്ഞ് പൊതുമരാമത്തിന്റെ ദേശീയപാതവിഭാഗം പട്ടണക്കാട് ഓഫിസില്‍ നിന്ന് കാന പണിയാന്‍ എസ്റ്റിമേറ്റ് തയാറാക്കി മേല്‍ ഉദ്യോഗസ്ഥന് നല്‍കി.
500 മീറ്റര്‍ നീളത്തില്‍ കാന പണിഞ്ഞാല്‍ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകുകയുള്ളുവെന്ന് എസ്റ്റിമേറ്റില്‍ പറയുന്നു. എന്നാല്‍ സുരക്ഷിതമായ പാതയുടെ ഭാഗമായിട്ടും ഇതുവരെയായിട്ടും നടപടി സ്വീകരിക്കാത്തതില്‍ ജനകീയ പ്രതിഷേധം ശക്തമായിരുക്കുകയാണ്.
എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ വെള്ളത്തില്‍പ്പെട്ട് സമീപത്തെ റേഷന്‍ കടയില്‍ ഇടിച്ചു കയറിയതാണ് അവസാനമായി ഈ ഭാഗത്ത് നടന്ന അവസാന അപകടം. കൂടുതല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ കോടംതുരുത്ത് പഞ്ചായത്തും ദേശീയപാതഅതോറിറ്റിയുമായി സഹകരിച്ച് പൈപ്പുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. വി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തെക്ക് ഭാഗത്ത് കാന പൊട്ടിച്ച് പടിഞ്ഞാറെ ഭാഗത്തേക്ക് സ്ഥാപിക്കുന്ന പൈപ്പിലൂടെ വെള്ളം ഒഴുക്കിക്കളയുമെന്ന് കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ സെബാസ്റ്റ്യനും വൈസ് പ്രസിഡന്റ് പി.പി മധുവും പറഞ്ഞു.
പൊതുമരാമത്തിന്റെ അനുമതി ലഭിച്ചാലുടന്‍ കാന നീട്ടുമെന്ന് പൊതുമരാമത്ത് ദേശിയപാത അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മുകേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."