ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് രോഗഭീതിയിലായത് 128 സ്ഥാപനങ്ങള്‍
സര്‍ക്കാര്‍ മേഖലയില്‍ പ്രതിസന്ധിയിലായത് 97 സ്ഥാപനങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഭീതിയിലായത് 128 ആരോഗ്യസ്ഥാപനങ്ങള്‍. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ 97 സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ 31 ആരോഗ്യസ്ഥാപനങ്ങളും കൊവിഡ് വ്യാപന ഭീതി സൃഷ്ടിച്ച പ്രതിസന്ധിയിലാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും ഓഫിസ് ജീവനക്കാരുമെല്ലാം കൊവിഡ് ബാധിച്ചവരില്‍ പെടുന്നു.
ആരോഗ്യസ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജാണ്. ഈ മാസം 20 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ഇരുപതിലധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലായി നൂറിലധികം പേരാണ് ക്വാറന്റൈനിലുള്ളത്. തിരുവനന്തപുരം ജില്ലയില്‍ ആകെ 14 സര്‍ക്കാര്‍ സ്ഥാപനങ്ങളും എട്ടു സ്വകാര്യസ്ഥാപനങ്ങളും കൊവിഡ് ഭീതിയിലാണ്. തലസ്ഥാന നഗരത്തില്‍ ആനയറയിലുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ മാത്രം ആറു ജീവനക്കാര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയില്‍ എട്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചി മരടിലുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ആറു ജീവനക്കാരും ആലുവ ജി.ടി.എന്‍ ജങ്ഷനു സമീപത്തുള്ള ആശുപത്രിയിലെ ആറു ജീവനക്കാരും ഇതില്‍പെടുന്നു.
കൊല്ലം ജില്ലയില്‍ 10 (സര്‍ക്കാര്‍- 9, സ്വകാര്യം- 1), പത്തനംതിട്ടയില്‍ 7 (സര്‍ക്കാര്‍- 6, സ്വകാര്യം- 1, ആലപ്പുഴയില്‍ 5 (സര്‍ക്കാര്‍- 3, സ്വകാര്യം- 2), കോട്ടയത്ത് 13 (സര്‍ക്കാര്‍- 11, സ്വകാര്യം- 2), ഇടുക്കിയില്‍ 12 (സര്‍ക്കാര്‍- 9, സ്വകാര്യം- 3), തൃശൂര്‍, മലപ്പുറം 14 (സര്‍ക്കാര്‍- 10, സ്വകാര്യം- 4), പാലക്കാട് 4 (സര്‍ക്കാര്‍), കോഴിക്കോട് 7 (സര്‍ക്കാര്‍- 6, സ്വകാര്യം- 1), വയനാട് 1 (സര്‍ക്കാര്‍), കണ്ണൂര്‍ 2 (സര്‍ക്കാര്‍), കാസര്‍കോട് എട്ട് (സര്‍ക്കാര്‍- 5, സ്വകാര്യം- 3) എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യസ്ഥാപനങ്ങളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."