ഭിന്നശേഷിയുള്ളവര്‍ക്ക് വഴികാട്ടിയായി പോളിഗാര്‍ഡന്‍
പാലക്കാട്: സമൂഹം അവഗണിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ തൊഴില്‍ പരിശീലനത്തിലൂടെ പുതിയ ജീവിതത്തിലേക്ക് വഴിതെളിച്ചുവിടുന്ന ലക്കിടിയിലെ പോളിഗാര്‍ഡന്‍ മാതൃകയാകുന്നു. ബുദ്ധിമാന്ദ്യം വന്ന മുതിര്‍ന്ന ആണ്‍ക്കുട്ടികള്‍ക്കുള്ള പുനരധിവാസ കേന്ദ്രമാണ് ഇത്. 1981ല്‍ നാലു കുട്ടികളോടുകൂടി തുടങ്ങിയ ഈ കേന്ദ്രത്തില്‍ ഇന്ന് 16 മുതല്‍ 80 വയസ്സു വരെ ഉള്ള 108 -ഓളം പേര്‍ഉണ്ട്. 16 വയസ്സുമുതല്‍ തൊഴില്‍ പരിശീലനവും,35 വയസ്സുമുതല്‍ വിശ്രമ പ്രയത്‌ന പരിപാലനവുമാണ് ഇവര്‍ക്ക് നല്‍കി വരുന്നതെന്ന് ഇപ്പോഴത്തെ ഡയറക്ടറായ സിജു വിധേയത്തില്‍ പറഞ്ഞു. കാര്‍ഡ് നിര്‍മാണം, പൂക്കള്‍ നിര്‍മാണം, മൃഗപരിപാലനം, കൃഷി തുടങ്ങിയ തൊഴില്‍ പരിശീലനത്തോടൊപ്പം ഇവര്‍ക്കാവശ്യമായ പ്രാഥമിക നൈപുണ്യ പരിശീലനവും ഇവിടെ നല്‍കിവരുന്നു. കൂടാതെ പാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനായി ധാരാളം കലാപരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും ഇത് നടത്തി കൊണ്ടുപോകാനാവശ്യമായ ഫണ്ടു ലഭിക്കുന്നത് ഇതിനോടനുബന്ധിച്ചുള്ള നാണ്യവിള കൃഷിയില്‍ നിന്നാണെന്നും ഡയറക്ടറായ സിജു വിധേയതില്‍ കൂട്ടിച്ചേര്‍ത്തു. പോളിഗാര്‍ഡനില്‍ ഡയറക്ടറുള്‍പ്പെടെ 13 ജീവനക്കാരാണ് ഉള്ളത്. പശു, പോത്ത്, പന്നി, ആട് തുടങ്ങിയ 50-ഓളം മൃഗങ്ങളും, കോഴി, പ്രാവ് തുടങ്ങിയ പക്ഷികളും ഇവിടെയുണ്ട്.
1981ല്‍ ഫാ.പോള്‍ പൂവത്തിങ്കലാണ് പോളിഗാര്‍ഡന്‍ സ്ഥാപിച്ചത്. അന്നു മുതല്‍ ഈ സ്ഥാപനം ഡയറക്ടറേറ്റ് ഓഫ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയുടെ കീഴിലാണ്. ഈ സംഘടനയാണ് ഇവിടത്തെ ജീവനക്കാരെ നിയമിക്കുന്നതും അവര്‍ക്ക് ഓണറേറിയം നല്‍കുന്നതും. ഒരു വികലാംഗഗ്രാമം രൂപീകരിക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഫാ.പോള്‍ ഈ സ്ഥാപനം രൂപികരിച്ചത്. കല്ലമാര്‍തൊടി രാവുണ്ണിമേനോന്‍ രചിച്ച 'മുക്കൂറ്റി പൂവ്' എന്ന കവിതയില്‍ നിന്ന് സരാംശം ഉള്‍കൊണ്ടാണ് ഫാ.പോള്‍ പൂവത്തിങ്കല്‍ ഈ സ്ഥാപനത്തിന് പോളിഗാര്‍ഡന്‍ എന്ന പേര് നല്‍കിയത്. പല ജാതി പൂക്കള്‍ എന്നാണ് ഇതിനര്‍ഥം.ഒരു കെട്ടിടമാണ് ഇത് സ്ഥാപിക്കുമ്പോള്‍ ഉണ്ടായിരുന്നത്, 1996 ലാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫണ്ടുകൊണ്ട് ഇവിടെ മറ്റൊരു കെട്ടിടം നിര്‍മിച്ചത്. ചിട്ടയോടുകൂടിയ പരിശീലനമാണ് ഇവര്‍ക്ക് നല്‍കിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."