ഓര്‍ഡിനറി ബസുകള്‍ യാത്രക്കാര്‍ക്കായി സ്റ്റോപ്പുകളില്‍ കാത്തുനില്‍ക്കണം
കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിചിത്ര ഉത്തരവുമായി കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍ യാത്രക്കാര്‍ക്കായി അല്‍പസമയം കാത്തുകിടക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. എല്ലാ റൂട്ടുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.
കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവിറക്കിയതെങ്കിലും പല ഡിപ്പോകളും ഉത്തരവ് നടപ്പാക്കാതെ പിന്തിരിഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍, ഉത്തരവ് ലഭ്യമായിട്ടില്ലെന്നാണ് ചില ഡിപ്പോകളിലെ ജീവനക്കാര്‍ പറയുന്നത്.
വിചിത്രമായ ഇത്തരം ഉത്തരവ് നടപ്പാക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തരവിറങ്ങി രണ്ടുദിവസം കഴിയുമ്പോഴും ഒരു ഡിപ്പോപോലും ഇത് നടപ്പാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഉത്തരവ് സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ബസ് നിര്‍ത്തിയിടുമ്പോള്‍ വേഗത്തില്‍ യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയില്ലെന്നാണ് ചിലരുടെ അഭിപ്രായം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ തിരക്കേറിയ ജില്ലകളിലെ സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തിയിടുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ നീക്കം തങ്ങളുടെ സര്‍വിസുകളെ സാരമായി ബാധിക്കുമെന്ന ആശങ്കയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക്.
പുതിയ ഉത്തരവ് ജീവനക്കാരുടെ ജോലിഭാരം വര്‍ധിപ്പിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരേ വരുംദിവസങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന സൂചനയാണ് കെ.എസ്.ആര്‍.ടി.സി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."