കോണ്‍ഗ്രസ് രാമായണ മാസാചരണം ഉപേക്ഷിച്ചു
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായതോടെ രാമായണ മാസാചരണ നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായം രൂപപ്പെട്ടതോടെയാണ് പരിപാടി ഉപേക്ഷിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാരായ കെ. മുരളധീരനും വി.എം സുധീരനും കടുത്ത വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കും പാര്‍ട്ടിക്കുള്ളില്‍ പിന്തുണയേറുന്നതായി തിരിച്ചറിഞ്ഞതോടെയാണ് രാമായണമാസം ആചരിക്കാനുള്ള നീക്കത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറിയത്.
കെ.പി.സി.സി വിചാര്‍ വിഭാഗത്തിന്റെ ബാനറിലാണ് രാമായണ മാസം സംഘടിപ്പിച്ചത്. നാളെ മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണ മാസാചരണം നടത്താനായിരുന്നു പരിപാടി തയാറാക്കിയത്. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരനാണ് ആദ്യം രംഗത്തു വന്നത്.
പിന്നാലെ വി.എം സുധീരനും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് പരിപാടി ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായത്. രാമായണ മാസം ആചരിക്കാന്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും വിചാര്‍ വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ വ്യക്തമാക്കി. പരിപാടി റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി. വിശ്വാസം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം. ബി.ജെ.പിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ നിലപാടെന്ന് സുധീരന്‍ വിമര്‍ശിച്ചു. സി.പി.എമ്മും രാമായണ മാസാചരണ വിഷയത്തില്‍ നിലപാട് തിരുത്തണമെന്നും സുധീരന്‍ പറഞ്ഞു. രാമനെ ചൂഷണം ചെയ്തത് ബി.ജെ.പിക്കാരാണ്. അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടികളുടെ നിലപാടെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരിലാണ് കെ.പി.സി.സി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ പരിപാടി പ്രഖ്യാപിച്ചത്. കര്‍ക്കിടകം ഒന്നായ നാളെ രാവിലെ തൈക്കാട് ഗാന്ധിഭവനിലാണ് സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ രാമായണപാരായണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. രാമായണ മാസാചരണത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ പരിപാടി ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിചാര്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലും രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാമായണത്തെ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസും രംഗത്തെത്തിയത്. രാമായണ മാസാചരണം ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന നീക്കം ചെറുക്കാനെന്ന പേരിലാണ് സംസ്‌കൃത സംഘങ്ങളുടെ പേരില്‍ സി.പി.എം രംഗത്തു വന്നത്. ഇതുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരിപാടിയുമായി മുന്നോട്ടു പോകുകയാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും ബദലായാണ് കോണ്‍ഗ്രസും പരിപാടിയുമായി മുന്നോട്ടു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."