കേരളത്തിലെ ആദ്യ നോവല്‍ അറബി മലയാളത്തിലെന്ന് കണ്ടെത്തല്‍
വാണിമേല്‍: കേരളത്തില്‍ ആദ്യമായി രചിക്കപ്പെട്ട നോവല്‍ സാഹിത്യം അറബി മലയാള ഭാഷയിലായിരുന്നുവെന്ന് പഠനം. ഡല്‍ഹി യൂനിവേഴ്‌സിറ്റി ആധ്യാപകനും ചരിത്രകാരനുമായ ഡോ. പി കെ യാസര്‍ അറഫാത്താണ് ശ്രദ്ധേയമായ ഈ കണ്ടെത്തലുമായി രംഗത്തെത്തിയത്. 1875 ല്‍ തലശേരിയില്‍ നിന്നും അറബി മലയാളത്തില്‍ അച്ചടിച്ച 'ചാര്‍ ദര്‍വേശ്' ആണ് പ്രഥമ കൃതി. മലയാളി രചിച്ച പ്രഥമ നോവല്‍ സാഹിത്യം എന്ന പ്രത്യേകതയും ചാര്‍ ദര്‍വേശിനുണ്ട്.
കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്നതിനിടയിലാണ് ബ്രിട്ടീഷ് ലൈബ്രറിയിലെ കാറ്റലോഗ് ചെയ്യപ്പെടാത്ത ഗ്രന്ഥശേഖരത്തില്‍നിന്നു ലഭിച്ച തെളിവുകളുടെ വെളിച്ചത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ കണ്ടെത്തല്‍ നടത്തിയത്. കേരളത്തില്‍ നോവല്‍ ശൈലിയില്‍ 1877 ല്‍ ബ്രിട്ടീഷ് മിഷനറിയായിരുന്ന റിച്ചാര്‍ഡ് കോളിന്‍സ് ഇംഗ്ലീഷില്‍ നിന്നും പരിഭാഷപ്പെടുത്തിയ 'ഘാതകവധം' എന്ന കൃതിയായിരുന്നു ഇതുവരെ പ്രഥമ കൃതിയായി കരുതിയിരുന്നത്. എന്നാല്‍ ഘാതക വധം പ്രസിദ്ധീകരിക്കുന്നതിനും രണ്ട് വര്‍ഷം മുമ്പ് തന്നെ ചാര്‍ ദര്‍വേശ് പ്രസിദ്ധീകരിച്ചിരുന്നു .
ഇതുവരെ കണ്ടെടുത്ത രേഖകളനുസരിച്ച് 1886 ല്‍ പ്രസിദ്ധീകരിച്ച ചാര്‍ ദര്‍വേശ് നോവല്‍ ശൈലിയില്‍ ആദ്യകാലത്ത് രചിക്കപ്പെട്ട ഒരു കൃതി എന്ന് മാത്രമായിട്ടായിരുന്നു കരുതിയിരുന്നത്. ചരിത്രകാരനായിരുന്ന കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമും സി.എന്‍ അഹമദ് മൗലവിയും ചേര്‍ന്ന് രചിച്ച മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ബ്രിട്ടീഷ് ലൈബ്രറിയില്‍ ഇതുവരെയും ലിസ്റ്റ് ചെയ്യപ്പെടാതെ കിടന്നിരുന്ന നിരവധി അറബി മലയാള ഗ്രന്ഥങ്ങളില്‍ നിന്നാണ് 1875 ല്‍ പ്രസിദ്ധീകരിച്ച ചാര്‍ ദര്‍വേശിന്റെ കോപ്പി യാസര്‍ അറഫാത്ത് കണ്ടെത്തിയത്. തലശ്ശേരിയില്‍ നിന്നും ഹിജ്‌റ 1292 (ക്രിസ്തുവര്‍ഷം 1875) ജമാദുല്‍ആഖര്‍ 22 ന് അച്ചടിച്ചു നല്‍കിയതാണെന്ന് പുസ്തകത്തിന്റെ പുറംചട്ടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പരിഭാഷപ്പെടുത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മലയാളത്തിലെ ആദ്യത്തെ നോവലായ ഇന്ദുലേഖ രചിക്കപ്പെടുന്നതിന്നും പതിനാല് വര്‍ഷം മുമ്പാണ് ചാര്‍ ദര്‍വേശ് അറബി മലയാളത്തില്‍ രചിക്കപ്പെടുന്നത്. പേര്‍ഷ്യന്‍ എഴുത്തുകാരനായ അമീര്‍ കുസ്‌റുവിന്റെ ഖിസ്സായെ ചാര്‍ ദര്‍വേശ് എന്ന പാര്‍സിനോവലിന്റെ പരിഭാഷയാണ് ഇത്.
അറബി മലയാള സാഹിത്യത്തിലെ ആദ്യ കൃതിയായി കണക്കാക്കുന്ന മുഹ്‌യുദ്ദീന്‍ മാലയുടെ ആദ്യ അച്ചടിച്ച പ്രതിയടക്കം നിരവധി അപൂര്‍വ കൃതികളും യാസര്‍ അറഫാത്ത് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വാണിമേല്‍ സ്വദേശിയായ ഡോ.പി.കെ യാസര്‍ അറഫാത്ത് മലബാറിലെ മാപ്പിള രചനകളെക്കുറിച്ചുള്ള ഗവേഷണത്തിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."