30 മണിക്കൂര്‍: ചോദ്യങ്ങള്‍ക്കു മുന്നില്‍ ശിവശങ്കര്‍
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത പദവികള്‍ വഹിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്തത് 'ഒന്നര ദിവസത്തോളം'. കസ്റ്റംസ്, എന്‍.ഐ.എ എന്നീ അന്വേഷണ സംഘങ്ങളാണ് പല ദിവസങ്ങളിലായി 30 മണിക്കൂറിലേറെ ചോദ്യംചെയ്യല്‍ നടത്തിയത്.
നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ശിവശങ്കറില്‍നിന്ന് കസ്റ്റംസ് വിഭാഗം മൊഴിയെടുത്തിരുന്നു. ആദ്യം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍വച്ചും പിന്നീട് കസ്റ്റംസ് ഓഫിസില്വച്ചുമായിരുന്നു മൊഴിയെടുക്കല്‍. ഇത് അഞ്ചുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനു പിന്നാലെ, ദേശീയ അന്വേഷണ സംഘം ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തി പൊലിസ് ക്ലബില്‍വച്ച് അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് ഇദ്ദേഹത്തെ നോട്ടിസ് നല്കി വിളിച്ചുവരുത്തി തിങ്കളാഴ്ച ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തത്.വീണ്ടും ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടരവരെ നീണ്ടു. സംസ്ഥാനത്ത് ആദ്യമായാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ഇത്ര നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്യലിന് വിധേയമായത്.
ഇതിനു മുമ്പ് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നീണ്ട മൊഴിയെടുക്കല്‍ നടന്നത് സോളാര്‍ കേസിലാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സോളാര്‍ അന്വേഷണ കമ്മിഷന് മുമ്പില്‍ 14 മണിക്കൂര്‍ മൊഴിയെടുക്കലിന് വിധേയനായത് രാഷ്ട്രീയ കേരളത്തില്‍ വിവാദമാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."