വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡ് തകര്‍ത്തു
തൊടുപുഴ: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡ് തകര്‍ത്തു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഉപയോഗിച്ചത് 8.7 കോടി യൂനിറ്റ് വൈദ്യുതിയാണ്. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. ഇതിനു മുന്‍പത്തെ റെക്കോര്‍ഡ് മാര്‍ച്ച് 28ന് ഉപയോഗിച്ച 8.64 കോടി യൂനിറ്റ് ആയിരുന്നു. ചെറിയ ഇടവേളക്കു ശേഷം സംസ്ഥാനത്ത് ചൂട് വീണ്ടും കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം കുതിച്ചത്. ഒന്‍പതു കോടി യൂനിറ്റ് വരെ വരും ദിവസങ്ങളില്‍ ഉപഭോഗം എത്തുമെന്നാണ് കെ.എസ്.ഇ.ബി കണക്കുകൂട്ടുന്നത്. വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനൊപ്പം പുറം വൈദ്യുതിയുടെ അളവും കൂട്ടിയിട്ടുണ്ട്. 6.3 കോടി യൂനിറ്റ് ഇന്നലെ പുറത്തുനിന്ന് എത്തിച്ചു. 2.38 കോടി യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. ഈ മാസത്തെ ഇതുവരെയുള്ള ശരാശരി ദിവസ ഉപഭോഗം 8.43 കോടി യൂനിറ്റാണ്. മാര്‍ച്ച് മാസത്തില്‍ ഇത് 8.03 കോടി യൂനിറ്റ് ആയിരുന്നു. വരുന്ന വാരം അവധി ദിവസങ്ങളാണ് കൂടുതലായി വരുന്നതെങ്കിലും വൈദ്യുതി ഉപഭോഗം ഉയര്‍ന്നു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഇടുക്കി, വയനാട് പോലുള്ള മലയോര ജില്ലകളില്‍ പോലും അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വോള്‍ട്ടേജ് ക്ഷാമം തുടരുകയാണ്. വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളിലാകെ 37.5 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."