അട്ടക്കടലാസിന് ഡിമാന്‍ഡ് കൂടി
ഒലവക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്ക് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് നിരോധനം വന്നതോടെ അട്ടക്കടലാസിനും ഡിമാന്‍ഡായിരിക്കുകയാണ്. പൊതുനിരത്തുകളിലെ പ്രചാരണങ്ങള്‍ക്ക് ഇത്തവണ ഫ്‌ളക്‌സ് ബോര്‍ഡുകളില്ലാത്തതിനാല്‍ അട്ടകളിലുള്ള പോസ്റ്ററുകള്‍ സജീവമായി. പരിസ്ഥിതിയ്ക്കു ദോഷകരമായി ഭവിക്കുന്ന ഫ്‌ളക്‌സുകള്‍ പാടില്ലെന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവുമൂലം ഇത്തവണ പ്രിന്റിങ് സ്ഥാപനങ്ങളും നിരാശയിലാണ്.
പൊതുനിരത്തുകളില്‍ ഫ്‌ളെക്‌സ് വെയ്ക്കാന്‍ പറ്റാത്തായതോടെ സ്ഥാനാര്‍ഥികളുടെ പടമുള്ള പോസ്റ്ററുകള്‍ പതിക്കാന്‍ നെട്ടോട്ടമോടുകയാണ്. ഡമ്മിസൈസില്‍ പ്രിന്റുചെയ്ത പോസ്റ്ററുകള്‍ വൈദ്യുതി ടെലഫോണ്‍ പോസ്റ്റുകളിലും മരങ്ങളിലുമൊക്കെ തൂക്കണമെങ്കില്‍ അട്ടകടലാസ് കൂടിയേ തീരൂ. നേരത്തെ ഇത്തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനര്‍ ടൈപ്പ് പോസ്റ്ററുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചാണ് തൂക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു പറ്റാതായതോടെ അട്ടയ്ക്കു പിന്നാലെ ഓടുകയാണ്.
സ്‌ക്രാപ്പ് കടകളില്‍ ഏഴുരൂപ വിലകൊടുത്താണ് അട്ടകടലാസ് സ്വന്തമാക്കുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍നിന്നും മറ്റും പുറന്തളുന്ന അട്ടപ്പെട്ടികള്‍ ആക്രിക്കാര്‍ കൊണ്ടുപോകും മുന്‍പേ അണികള്‍ നല്ലവിലകൊടുത്താണ് പോസ്റ്ററൊട്ടിക്കാന്‍ വാങ്ങുന്നത്. എന്തായാലും തെരഞ്ഞടുപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് നിയന്ത്രണം വന്നതോടെ അട്ടകടലാസിന് ഡിമാന്‍ഡായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."